കൊച്ചി: പരാതികളും പരിഭവങ്ങളുമില്ലാതെ സ്പെഷൽ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. കളമശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും പരിസരങ്ങളിലുമായി ഒമ്പത് വേദികളിലായി നടന്ന മൂന്നുദിനം നീണ്ട കലാ മാമാങ്കമാണ് കാര്യമായ പരാതികൾക്ക് ഇടനൽകാതെ പടിയിറങ്ങിയത്.
105 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്നൂറോളം വിദ്യാലയങ്ങളിൽനിന്നുള്ള 2960 കലാപ്രതിഭകളാണ് വേദികളിൽ നിറഞ്ഞാടിയത്. ബുദ്ധി, കാഴ്ച, കേൾവി പരിമിതികളുള്ള കലാപ്രതിഭകൾ അവരുടെ പരിമിതികൾ മറികടക്കുന്ന പ്രകടനവുമായാണ് വേദികളിലെത്തിയത്.
താളപ്പിഴകളും വലിച്ചുനീട്ടലുമില്ലാതെ മത്സരങ്ങൾ പൂർത്തീകരിക്കാനായതും ഭക്ഷണശാലയിലെ മികച്ച ക്രമീകരണങ്ങളും പബ്ലിസിറ്റി കമ്മിറ്റിയുടെ ക്യത്യമായ ഇടപെടലുകളും മേളയെ കുറ്റമറ്റതാക്കുന്നതിൽ നിർണായകമായി. മുൻ വർഷത്തെ അപേക്ഷിച്ച് മേളയിൽ പങ്കാളിത്തവും വർധിച്ചതായി സംഘാടകർ പറഞ്ഞു. രജിസ്ട്രേഷനടക്കം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതാണിതിന് കാരണം. കഴിഞ്ഞ തവണ 1600 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.