കളമശ്ശേരി: നഗരസഭ ആരോഗ്യ വിഭാഗം കളമശ്ശേരിയിലെ വിവിധ ഹോട്ടലുകളിലും കടകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചിയും മത്സ്യവും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. എച്ച്.എം.ടി ജങ്ഷൻ, കൂനംതൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കും പിടിച്ചെടുത്തത്.
എച്ച്.എം.ടി ജങ്ഷനിൽ ഫിഷ്സ്റ്റാൾ, ഷവർമയടക്കം വിൽക്കുന്ന ഹോട്ടൽ, മന്തി ഹോട്ടൽ, കൂനംതൈയിലെ മന്തി ഹോട്ടൽ തുടങ്ങി 14 ഹോട്ടലുകളിലും നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കും പിടിച്ചെടുത്തത്. എച്ച്.എം.ടി ജങ്ഷനിലെ ഹോട്ടലിൽനിന്ന് പഴകിയ 10 കിലോ ഷവർമ മാംസം, 15 കിലോ മന്തി മാംസം, ഫിഷ്സ്റ്റാളിൽനിന്ന് മൂന്നരക്കിലോ പഴകിയ മീനുകൾ എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പല സ്ഥാപനങ്ങളിൽനിന്നും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. കൂടാതെ കുസാറ്റ് കാന്റീനിൽനിന്നടക്കം പഴകിയ ഓയിൽ കണ്ടെത്തുകയും നശിപ്പിച്ചതായും ആരോഗ്യ വിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ റൈമണ്ടിന്റെ നേതൃത്വത്തിൽ ടി. സുനിൽ, മാത്യു ജോർജ്, എയ്ഞ്ചലീന, ഷൈമോൾ, ദൻരാജ് എന്നിവരാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.