മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലേക്ക് മലിനജലം ഒഴുകിയെത്തുന്ന നഗരത്തിലെ മലിനജല സ്രോതസ്സുകൾ കണ്ടെത്തി അടക്കാനുള്ള നഗരസഭ നടപടി വ്യാപകമാക്കുന്നു. തിങ്കളാഴ്ച ആരംഭിച്ച ശുദ്ധീകരണ പരിപാടി രണ്ടാമത്തെ ദിവസവും തുടർന്നു.
പേട്ടമണ്ണാൻ കടവ് തോട്ടിലേക്ക് മലിനജലം ഒഴുകിയെത്തുന്ന പി.ഒ ജങ്ഷൻ ഓടയുടെ ഭാഗങ്ങളിലാണ് ചൊവ്വാഴ്ചയും പരിശോധന നടന്നത്. പരിശോധനയിൽ 20 സ്ഥാപനങ്ങളിൽനിന്നുകൂടി ഓടയിലേക്ക് ശുചിമുറി മാലിന്യം അടക്കം ഒഴുക്കുന്നത് കണ്ടെത്തി അടച്ചു. ഇതിൽ മണ്ണാൻകടവ് തോട്ടിലെ മലിനീകരണം തടയണം എന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലക്കുഴലും പരിശോധനയിൽ കണ്ടെത്തി അടച്ചു. നഗരത്തിലെ പേട്ട പ്രദേശത്തുകൂടി ഒഴുകി മൂവാറ്റുപുഴയാറിൽ പതിക്കുന്ന മണ്ണാൻകടവ് തോട്ടിൽ ചേരുന്ന നഗരത്തിലെ ഓടയിലേക്കു തുറന്നുവെച്ചിരിക്കുന്ന മലിനജലക്കുഴലുകളാണ് നഗരസഭ രണ്ട് ദിവസമായി പരിശോധനയിലൂടെ കണ്ടെത്തി കോൺക്രീറ്റ് ചെയ്ത് അടക്കുന്നത്.
കഴിഞ്ഞ ദിവസം മുപ്പതോളം മലിനജലക്കുഴലുകൾ കണ്ടെത്തി കോൺക്രീറ്റ് ചെയ്ത് അടച്ചു. ഇതിനിടെ നഗരത്തിലെ കാവുങ്കര മേഖലയിൽ അടക്കം അടുത്ത ദിവസം മലിനജലസ്രോതസ്സ് കണ്ടെത്തി അടക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.