കൊച്ചി: നവംബറിൽ നടന്ന എറണാകുളം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ വിധിപ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് ആക്ഷേപം. എറണാകുളം ഗവ. ഗേൾസ് യു.പി, കച്ചേരിപ്പടി സെൻറ് ആൻറണീസ് സ്കൂൾ പി.ടി.എ കമ്മിറ്റികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപവുമായി രംഗത്തുവന്നത്.
രണ്ടാംസ്ഥാനം പങ്കിട്ട ഈ രണ്ട് ടീമുകളെയും മറികടന്ന് ആറാം സ്ഥാനത്തുള്ള ചേരാനല്ലൂർ സ്കൂളിന് ട്രോഫി നൽകിയെന്നാണ് ആരോപണം. ഗവ. ഗേൾസും ചേരാനല്ലൂർ സ്കൂളും 70 പോയൻറ് വീതം പങ്കിട്ട് രണ്ടാമതെത്തിയെന്ന പ്രഖ്യാപനം നടത്തി നറുക്കെടുപ്പിലൂടെ ആദ്യ ആറുമാസം ട്രോഫി ചേരാനല്ലൂർ സ്കൂളിന് നൽകുകയായിരുന്നു.
കച്ചേരിപ്പടി സ്കൂളിന്റെ രണ്ടാം സ്ഥാനം മറച്ചുവെച്ചു. വെബ്സൈറ്റിലും രേഖകളിലുമെല്ലാം ചേരാനല്ലൂർ സ്കൂൾ ആറാംസ്ഥാനത്താണെന്നിരിക്കെ നടന്ന ഈ അട്ടിമറിയിൽ എ.ഇ.ഒ അടക്കമുള്ളവർക്ക് പങ്കുണ്ട്. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതോടെ എ.ഇ.ഒ ഗവ. ഗേൾസ് യു.പി സ്കൂളിലെ എച്ച്.എമ്മിനെ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം രണ്ടാംസ്ഥാനക്കാരുടെ ട്രോഫി നൽകുകയായിരുന്നു.
കലോത്സവത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ഈ നടപടിക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് പി.ടി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗവ. ഗേൾസ് യു.പി സ്കൂൾ എം.പി.ടി.എ പ്രസിഡൻറ് ആഷ്യൂ, സെന്റ് ആൻറണീസ് സ്കൂൾ എം.പി.ടി.എ പ്രസിഡൻറ് റൂത്ത് മേരി ചെറിയാൻ, കെ.പി. ഷിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.