കൊച്ചി: പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഉപജീവനത്തിനും സംരംഭത്തിനും അവസരം ഒരുക്കുന്ന ‘സ്മൈൽ’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. അസംഘടിത തൊഴിലുകളിൽ ഏർപ്പെടുന്നവർ, ഭിക്ഷക്കാർ, മാനസിക-ശാരീരിക വൈകല്യം ഉള്ളവർ, ലഹരിക്ക് അടിപ്പെട്ടവർ, നാടോടി കച്ചവടക്കാർ എന്നിങ്ങനെയുള്ളവരെല്ലാം തെരുവിൽ കഴിയുന്നവരിലുണ്ട്. മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ മുന്നൂറോളംപേർ നഗരത്തിൽ കഴിയുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളും നിരവധിയാണ്.
ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ കോർപറേഷൻ മേയർ, സിറ്റി പൊലീസ് കമീഷണർ, ജില്ല സാമൂഹികനീതി ഓഫിസർ, ജില്ല വികസന കമീഷണർ, കേന്ദ്ര സർക്കാറിന്റെ സ്മൈൽ പദ്ധതിയുടെ നിർവഹണ എജൻസിയായ പീസ് വാലി ഫൗണ്ടേഷൻ എന്നിവരടങ്ങുന്ന കൂട്ടായ്മ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നഗരത്തിൽ രാത്രി ഷെൽറ്റർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
12 ഇടങ്ങളിലായി കണ്ടെത്തിയത് 109 പേരെ
തെരുവിൽ കഴിയുന്നവരുടെ കൃത്യമായ വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളി മുതൽ വൈറ്റില വരെ 12 ഇടങ്ങളിലായി 36 പേരുടെ സർവേ ടീം ആണ് പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയത്.
തെരുവിൽ കഴിയുന്ന 109 ആളുകളെ സർവേയിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. സർവേ നടപടികളുടെ ഉദ്ഘാടനം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് നിർവഹിച്ചു. എം.ജി സർവകലാശാല, കോഴിക്കോട് സാഫി, തൃക്കാക്കര കെ.എം.എം, പെരുമ്പാവൂർ ജയ്ഭാരത്, കോതമംഗലം മാർ ഏലിയാസ് എന്നീ കോളജുകളിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. ജില്ല സാമൂഹികനീതി ഓഫിസർ വി.ജെ. ബിനോയ്, പീസ്വാലി ഫൗണ്ടേഷൻ കോഓഡിനേറ്റർ സാബിത് ഉമ്മർ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
ലക്ഷ്യം സമഗ്ര പുനരധിവാസം
നഗരപ്രദേശങ്ങളിൽ യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സർവേ, തിരിച്ചറിയൽ, മൊബിലൈസേഷൻ, റെസ്ക്യൂ ഷെൽറ്റർ, സമഗ്ര പുനരധിവാസം എന്നിങ്ങനെയാണ് പദ്ധതിയുടെ ഘട്ടങ്ങൾ. സർവേയിലൂടെ കണ്ടെത്തുന്ന ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൗൺസലിങ്, വിദ്യാഭ്യാസ-നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, ആരോഗ്യസംരക്ഷണം തുടങ്ങിയ പ്രക്രിയകൾ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.