കൊച്ചി: നൈറ്റ് പട്രോളിങിനിടെ അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയിൽ ട്രെയിനി എസ്.ഐക്ക് സസ്പെൻഷൻ. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ ജൂനിയര്‍ എസ്.ഐ കെ. സൈജുവിനെയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 12ന് പുലര്‍ച്ച 12.15ഓടെ പുല്ലേപ്പടി ജങ്ഷന് സമീപം വെച്ചായിരുന്നു സംഭവം. മഴ കാരണം കടയുടെ വരാന്തയില്‍ കയറിനിന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ ശ്രീനാഥിനെയും സുഹൃത്ത് ആഷിഖിനെയും എസ്.ഐയും കൂടെയുണ്ടായിരുന്ന നാല് പൊലീസുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ലാത്തികൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു.
സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ശ്രീനാഥിന്റെ ഫോണും പിടിച്ചുവാങ്ങി. അഭിഭാഷകനാണെന്ന് അറിയിച്ചിട്ടും പൊലീസ് മര്‍ദനം തുടർന്നെന്ന് പരാതിയില്‍ പറയുന്നു. ശേഷം പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലെത്തിച്ച് ഇവരുടെ ഫോണില്‍നിന്ന് ആക്രമണ ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ബോണ്ട് ആെണന്ന് പറഞ്ഞ് വെള്ള പേപ്പറില്‍ ഒപ്പ് ഇടീക്കുകയും ചെയ്ത ശേഷമാണ് പറഞ്ഞുവിട്ടത്. തുടര്‍ന്ന് ഇവർ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരാതി പരിഹാര സമിതിയിൽ വിഷയം ചർച്ച ചെയ്തു. പൊലീസ് സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.