ചെങ്ങമനാട്: പൊയ്ക്കാട്ടുശ്ശേരി-ചെങ്ങമനാട് റോഡിൽ തളിയിക്കര ഭാഗത്തെ റോഡിന് കുറുകെയുള്ള കാനയുടെ കൽവെർട്ട് വാഹനമിടിച്ച് തകർന്നിട്ട് ഒരുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം. കലുങ്കിന് മുകളിലെ സുരക്ഷ മതിലാണ് വാഹനാപകടത്തിൽ തകർന്ന് ചിതറിക്കിടക്കുന്നത്. കലുങ്ക് ഒന്നാകെ ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്.
പ്രളയത്തിൽ കലുങ്ക് തകർന്ന് ഏറെനാൾ ഗതാഗതം നിയന്ത്രിച്ച ശേഷമാണ് അറ്റകുറ്റപ്പണി നടത്തിയത്.
പുതുക്കിപ്പണിതശേഷം ഒരുവർഷം മുമ്പാണ് കലുങ്കിന് കേടുപാട് സംഭവിച്ചത്. കൊടുങ്ങല്ലൂർ, മാള, എളവൂർ, കണക്കൻകടവ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി, സ്വകാര്യ, ടൂറിസ്റ്റ് ബസുകൾ, ടോറസ് അടക്കമുള്ള ഭാരവാഹനങ്ങൾ, വിമാനത്താവളത്തിൽ വന്നുപോകുന്ന വാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സുപ്രധാന റോഡാണിത്. രണ്ട് വാഹനങ്ങൾക്ക് മാത്രം ഒരേസമയം സഞ്ചരിക്കാൻ മാത്രം വീതിയുള്ള റോഡാണ് തകർച്ച ഭീഷണിയിലായിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത അംഗം ശോഭന സുരേഷ്കുമാർ അപകടവാസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.