പള്ളുരുത്തി: വേമ്പനാട് കായലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പുതിയ പ്രതീക്ഷകൾ നൽകി പോള പായൽ നിർമാർജനത്തിന് തുടക്കം കുറിച്ചു. വർഷങ്ങളായി കായലിലെ മത്സ്യത്തൊഴിലാളികൾക്ക് പായലിന്റെ വളർച്ച മൂലം തൊഴിൽ നഷ്ടമുണ്ടാകുകയും തൊഴിൽ ഉപകരണങ്ങൾ നശിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ശുദ്ധജലത്തിൽ തഴച്ചുവളരുന്ന ഈ പായൽ മഴക്കാലത്തിന്റെ തുടക്കത്തോടെ കുട്ടനാടൻ പ്രദേശങ്ങളിൽനിന്നും വേമ്പനാട് കായലിന്റെ കൈവഴികളിൽനിന്നും മറ്റും വളർന്ന് കായലിൽ മുഴുവൻ നിറയുകയും വള്ളങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത വിധമാവുകയും ചെയ്യുന്നു.
ചീന വലകൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത വിധത്തിലും ഊന്നിക്കുറ്റികളിൽ വലിയ ബണ്ടിലുകളായി തടഞ്ഞുനിന്ന് വലകെട്ടാൻ പറ്റാത്ത വിധത്തിൽ വളരുകയും ചെയ്യും. ശക്തിയായ ഒഴുക്കിൽ കുറ്റികൾ മറിഞ്ഞു പോകുകയും വലകൾ കീറുകയും ചെയ്യുന്നുണ്ട്. ഈ ജലസസ്യം ഡിസംബർ മാസത്തോടെ പരമാവധി വളർന്ന് കായലിൽ നിറയുകയും ഉപ്പു വരുന്നതോടുകൂടി ചീഞ്ഞ് കായലിന്റെ അടിത്തട്ടിലേക്ക് അടിയുകയും ചെയ്യുന്നു.
അടിപ്പായൽ വലകളിൽ കയറി വല കീറുന്നതിനാൽ ഈ സമയത്ത് മത്സ്യബന്ധനത്തിന് തടസ്സം ഉണ്ടാവുക മാത്രമല്ല, കായലിന്റെ ആഴം കുറഞ്ഞ് പരിസ്ഥിതി പ്രശ്നങ്ങൾ അടിത്തട്ടിൽ സംഭവിക്കുകയും ചെയ്യുന്നു.
ഇടക്കൊച്ചി ജ്ഞാനോദയ സഭ ഫിഷ്ലാൻഡിങ് സെന്ററിൽ തുടങ്ങിരിക്കുന്ന നിർമാർജന യജ്ഞത്തിന് എച്ച്.സി.എൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ മത്സ്യതൊഴിലാളികളും പ്ലാൻ അറ്റ് ഏർത് എന്ന സന്നദ്ധ സംഘടനയും ജ്ഞാനോദയ സഭ നേതൃത്വം നൽകുന്ന വേമ്പനാട് കായൽ സംരക്ഷണ സമിതിയും സംയുക്തമായാണ് നേതൃത്വം നൽകുന്നത്. പ്ലാൻ അറ്റ് ഏർത്, ഇടക്കൊച്ചി അരിക്കിനേടത്ത് കടവിൽ ഒരു സ്ഥലം കണ്ടെത്തി പായൽ വാരി കരക്കെത്തിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് നിർവഹിച്ചു, എ.ആർ. ശിവജി അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, സി.ഇ.ഒ ലിയാസ് കരീം, കെ.ആർ. ഉമേഷ്, എ.ആർ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഇടക്കൊച്ചിയിലെ അമ്പതോളം മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിൽ പായൽ ശേഖരിക്കുകയും തീരങ്ങളിലെത്തിച്ച് പ്ലാൻ അറ്റ് എർത്തിനു കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.