ചെറായി: നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്ര മൈതാനിയിലേക്ക് പാഞ്ഞുകയറി. തിങ്കളാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. വല്ലാർപാടത്തുനിന്ന് ടൈലുകൾ നിറച്ച കണ്ടെയ്നർ മലപ്പുറത്തേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. തെക്കേവളവിലെത്തിയപ്പോൾ നിയന്ത്രണംവിട്ട ലോറി കൾവർട്ടും ചാടിക്കടന്ന് 30 മീറ്ററോളം മുന്നോട്ടുനീങ്ങി ക്ഷേത്ര മൈതാനിയിലാണ് ചെന്ന് നിന്നത്. ചാറ്റൽ മഴ ഉണ്ടായിരുന്നതിനാൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതാണെന്ന് പാലക്കാട് സ്വദേശിയായ ഡ്രൈവർ പറഞ്ഞു. പുലർച്ച മൈതാനത്ത് വ്യായാമം ചെയ്യാൻ ആളുകൾ എത്തുന്നത് പതിവാണ്.
സംഭവസമയം പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇതിനു മുമ്പും പലതവണ ഈ വളവിൽനിന്നും വാഹനങ്ങൾ മൈതാനത്തേക്ക് കയറിയിട്ടുണ്ട്. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കാണത്തക്ക വിധം പള്ളത്താംകുളങ്ങരയിലെ വളവുകളിൽ മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടർ സിഗ്നലുകളോ ഇല്ല. ഇതിനു മുമ്പും പള്ളത്താംകുളങ്ങര ക്ഷേത്രത്തിന്റെ ഇരുവളവിലും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈലുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി ക്രെയിനും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് റോഡിലേക്ക് കയറ്റാനുള്ള ശ്രമം രാത്രി വൈകിയും നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.