കൊച്ചി: നഗരത്തിലെ റോഡുകളിൽ കുഴിയുണ്ടെങ്കിൽ അത് നഗരസഭയുടെ പരാജയമെന്ന് ഹൈകോടതി. എല്ലാ റോഡുകളുടെയും കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ല. കുഴി അടയ്ക്കേണ്ട ഉത്തരവാദിത്തം കോടതിക്കല്ല, നഗരസഭക്കാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഈ റോഡ് കോടതി കാണുന്നില്ലേയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിലർ ഹൈകോടതിയെ അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കലക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ച് നേരത്തേ നൽകിയ ഉത്തരവുകൾ മറന്നു പോകുന്നതെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് ഹരജി പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു. കലക്ടർ ഉൾപ്പെട്ട സമിതി വ്യാഴാഴ്ച യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചപ്പോൾ റോഡിലെ കുഴിയടക്കാൻ യോഗമെന്തിനെന്ന് കോടതി ചോദിച്ചു. ഈ സ്ഥിതി തുടരാനാവില്ലെന്നും കടവന്ത്രയിലെ റീജനൽ സ്പോർട്സ് സെന്ററിന് സമീപത്തെ റോഡിന്റെ ശോച്യാവസ്ഥ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. തുടർന്ന് ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.