കൊച്ചി: ചാക്ക് കയറ്റിവന്ന അന്തർസംസ്ഥാന ലോറി മറിഞ്ഞതിനെ തുടർന്ന് ഇടപ്പള്ളി-അരൂർ എൻ.എച്ച് ബൈപാസ് മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ചക്കരപ്പറമ്പ് പുതിയ റോഡിനടുത്താണ് ദേശീയപാതയിൽ ലോറി മറിഞ്ഞത്.
മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയപ്പോൾ ബ്രേക്കിട്ട ലോറി മഴയത്ത് നിയന്ത്രണംവിട്ട് മീഡിയനിൽ കയറി റോഡിനു കുറുകെ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ചാക്കുകൾ റോഡിലാകെ ചിതറിവീണു. എന്നാൽ, മറ്റു അപകടങ്ങളോ ആർക്കും പരിക്കോ ഉണ്ടായില്ലെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. ലോറി ക്രെയിൻ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് നീക്കിയതും ഗതാഗതം പുനഃസ്ഥാപിച്ചതും. മംഗലാപുരത്തുനിന്ന് തെങ്കാശ്ശിയിലേക്ക് പോയ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് മറിഞ്ഞത്.
ആദ്യം ലോറി ഉയർത്തിയെങ്കിലും എതിർഭാഗത്തേക്ക് വീണ്ടും മറിയാനുള്ള സാധ്യത മുന്നിൽക്കണ്ട് വീണ്ടും നിലത്തിറക്കി. തുടർന്ന് ലോറിയിലെ ചാക്ക് മുഴുവൻ ഇറക്കിയ ശേഷമാണ് വീണ്ടും ക്രെയിൻ ഉപയോഗിച്ച് സർവിസ് റോഡിലേക്ക് നീക്കിയത്.
ലോറി മറിഞ്ഞതിനു പിന്നാലെ ദേശീയപാതയിലും സിവിൽ ലെയ്ൻ റോഡിലും പൈപ് ലൈൻ റോഡിലും തമ്മനം-പുല്ലേപ്പടി റോഡിലും സമീപത്തെ ഇടറോഡുകളിലുമെല്ലാം അഞ്ചു മണിക്കൂറോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സർക്കാർ അവധി ദിനമായിട്ടുപോലും ശക്തമായ മഴ പെയ്തതും രാവിലത്തെ തിരക്കേറിയ നേരമായതും കുരുക്ക് രൂക്ഷമാക്കി. സർവിസ് റോഡുകളിലും ഇരുചക്ര വാഹനങ്ങളുൾപ്പെടെ ഏറെനേരം കുടുങ്ങിക്കിടന്നു. സ്വകാര്യ ബസുകൾ, വലിയ വാഹനങ്ങൾ, തുടങ്ങിയവയുടെ നീണ്ട നിരയായിരുന്നു റോഡിലുടനീളം. ആലപ്പുഴ, ഇടപ്പള്ളി ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും എറണാകുളം-കാക്കനാട് റൂട്ടിലുള്ള യാത്രക്കാരും ഒരുപോലെ കുരുക്കിൽപെട്ടു. പാലാരിവട്ടം പാലത്തിൽപോലും വാഹനങ്ങൾ ഏറെ നേരം കുരുങ്ങിക്കിടന്നു. കുരുക്കിൽനിന്ന് രക്ഷപ്പെടാൻ പലരും ഇടറോഡുകൾ ആശ്രയിച്ചതോടെ പാലാരിവട്ടത്തും പരിസരങ്ങളിലുമാകെ ബ്ലോക്ക് കനത്തു.
പാലാരിവട്ടം പൊലീസ്, ട്രാഫിക് പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. സ്വകാര്യ ബസുകളുൾപ്പെടെ വഴിതിരിച്ചു വിട്ടു. 12 മണിയോടെയാണ് കുരുക്ക് അയഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.