കൊച്ചി: കൊച്ചിയുടെ സ്വന്തം മേയറും കൊച്ചിക്കാരനായ ജർമനിയിലെ ബിര്‍ക്കനൗ നഗരത്തിലെ മേയറും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചക്ക് സാക്ഷ്യംവഹിച്ച് കോർപറേഷൻ ഓഫിസ്. ജർമനിയിലെ ഹെസ്സി സംസ്ഥാനത്തിലെ ബിര്ക്കനൗവിലെ മേയറും കൊച്ചി വടുതല സ്വദേശിയുമായ മിലന് മാപ്പിളശ്ശേരിയാണ് മേയർ എം. അനിൽകുമാറിനെ കാണാനെത്തിയത്. അവിടത്തെ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിൽ തോൽപിച്ചാണ് സ്വതന്ത്ര അംഗമായ മിലൻ മേയറായത്.
താൻ കുട്ടിക്കാലത്ത് കണ്ട നഗരത്തിൽനിന്ന് കൊച്ചി ബഹുദൂരം മുന്നോട്ടുപോയെന്ന് പറഞ്ഞ് അദ്ദേഹം നഗരത്തെപ്പറ്റി വാചാലനായി. അമ്പരപ്പിക്കുന്ന രീതിയിലുള്ള വളർച്ചയാണ് കൊച്ചിക്കുണ്ടായിട്ടുള്ളതെന്നും ലോകത്തിലെ ഏതു വികസിത നഗരത്തോടും കിടപിടിക്കാൻ തക്കത്തിലുള്ള നഗരമായി ഇതു മാറിയിട്ടുണ്ടെന്നും മേയർ മിലൻ പറഞ്ഞു.
ജർമനിയിലെ മറ്റെല്ലാ നഗരങ്ങളെയുംപോലെ ബിര്‍ക്കനൗ നഗരവും നേരിടേണ്ടിവരുന്ന വെല്ലുവിളി കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. യുക്രൈൻ, സിറിയ, അഫ്ഗാനിസ്താൻ ഉൾപ്പെടെ രാഷ്ട്രങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നത് നഗരത്തിന്റെ വലിയ തലവേദനയാണെന്ന് മേയർ മിലൻ പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ചെല്‍സാസിനി, മുൻ കൗൺസിലറും സ്ഥിരം സമിതി ചെയർമാനുമായിരുന്ന പി.എൻ. സീനുലാൽ, സി-ഹെഡ് ഡയറക്ടര്‍ ഡോ. രാജന് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.