ഫോർട്ട്കൊച്ചി: മണ്ണുമാന്തിക്കപ്പൽ യന്ത്രത്തകരാറിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഫോർട്ട്കൊച്ചി അഴിമുഖത്തെ ചീനവലകളിലൊന്നിൽ തട്ടി നിന്നു. തുറമുഖത്തെ മണ്ണ് നീക്കം നടത്തുന്ന ഡ്രഡ്ജിങ്കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡി.സി.ഐ19 എന്ന കപ്പലാണ് തുറമുഖത്തെ കപ്പൽചാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി കായലിൽനിന്ന് കോരിയെടുത്ത മണ്ണുമായി പോകുന്ന വഴി അഴിമുഖത്തുവെച്ച് യന്ത്രത്തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 5.20 ഓടെയായിരുന്നു സംഭവം.
കടലിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കപ്പൽ പെട്ടെന്ന് തീരത്തേക്ക് തിരിച്ചുകയറി വരുകയായിരുന്നു. ചീനവലക്ക് ചെറിയ തോതിലുള്ള നാശം മാത്രമേ ഉണ്ടായുള്ളൂ. തുടർന്ന് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ കപ്പൽ നീക്കാൻ ശ്രമം ആരംഭിച്ചു. കൊച്ചിൻ പോർട്ടിന്റെ രണ്ട് ടഗ്ഗുകൾ എത്തി കപ്പൽ വലിച്ച് തുറമുഖത്തെ ബർത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.
കപ്പലിൽ നിറയെ മണ്ണും ചളിയുമായതിനാൽ ടഗ്ഗുകൾക്കും തീരത്തുനിന്ന് കപ്പൽ വലിച്ചുമാറ്റാൻ സമയമെടുത്തു. കപ്പൽ തീരത്തേക്ക് പാഞ്ഞുവരുന്നത് കണ്ടുനിന്നവരെ ഭീതിയിലാക്കിയെങ്കിലും ചീനവലയിൽ തട്ടിയ ഉടൻതന്നെ തീരത്തെ മണ്ണിലും തട്ടി നിന്നതോടെ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.