കൊച്ചി: നവംബർ മുതൽ അരിവില കുറയുമെന്ന പ്രതീക്ഷ തെറ്റുന്നു. വിലകൂടുന്ന പ്രവണത നിലച്ചുവെന്നല്ലാതെ കുറവ് ഉണ്ടാകുന്നില്ലെന്ന് വ്യാപാരികൾ. വില കൂടാൻ കാരണം ആന്ധ്ര ഗോദാവരി ജയ അരിയുടെ ഡിമാൻഡ് കുറഞ്ഞു. അതോടെ ഗോദാവരി ജയയുടെ വിലയിൽ നേരിയ കുറവ് വന്നു. ഒക്ടോബർ ആദ്യവാരം 56.70 ആയിരുന്ന ജയയുടെ വില ഇപ്പോൾ 56.40 ആയാണ് കുറഞ്ഞത്. ആർ.കെ സുരേഖയുടെ വില 40ൽനിന്ന് 39.20 ആയും കുറഞ്ഞു. ബിരിയാണി അരിയായ ഇന്ത്യഗേറ്റ് ഗോർഡിന് കിലേക്ക് 10 രൂപയുടെ കുറവുണ്ടായി. ആലിബാബക്ക് ഒരുരൂപ കൂടുകയും ചെയ്തു. ഡിമാൻഡ് കുറഞ്ഞെങ്കിലും ജയയുടെ ദൗർലഭ്യമാണ് വില കുറയാതിരിക്കാൻ കാരണം. പഞ്ചാബ്, ത്സാർഖണ്ഡ്, കർണാടക എന്നിവിടങ്ങളിൽനിന്ന് അരിയുടെ വരവ് കൂടിയിട്ടുണ്ട്. യു.പി, ബിഹാർ എന്നിവിടങ്ങളിലും വിളവെടുപ്പ് തുടങ്ങുന്ന സമയമായതിനാൽ വരും ദിവസങ്ങളിൽ അരിവില കുറയുമെന്നാണ് കരുതുന്നത്. വില കൂടിയതോടെ അരി വിൽപന കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. റേഷനരിയെ കൂടുതൽ ആശ്രയിക്കുന്നതിനാലാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് തുടങ്ങുന്നതിനാൽ നവംബർ മുതൽ അരിവില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. ആഴ്ചതോറും വിലകൂടുന്ന പ്രവണതക്ക് അറുതിയായി എന്ന ആശ്വാസമേയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്.
പൊതുവിതരണ വകുപ്പ് മുൻകൈയെടുത്താണ് ത്സാർഖണ്ഡ്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽനിന്ന് അരി എത്തിച്ചത്. ഇതോടെയാണ് ഗോദാവരി ജയയുടെ കച്ചവടം കുറഞ്ഞത്. വില കൂടിയതോടെ ആന്ധ്രയിൽ കൂടുതൽ കർഷകർ ജയ അരി കൃഷിയിറക്കാൻ തയാറായിട്ടുണ്ട്. ആന്ധ്ര സർക്കാർ കർഷകരെ അതിനായി പ്രേരിപ്പിക്കുന്നുമുണ്ട്. ഇതിനകം വിത്തുകൾ തയാറാക്കിയിട്ടുണ്ട്. പ്രതിമാസം 3840 ടൺ വിതരണം ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഏപ്രിൽ, മേയ് മാസങ്ങൾ ആകുമ്പോഴേക്ക് വിളവെടുപ്പ് തുടങ്ങുമെന്നതിനാൽ ഗോദാവരി ജയയുടെ ദൗർലഭ്യം ഇല്ലാതാകുമെന്നാണ് കരുതുന്നത്. അവശ്യഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽനിന്ന് അരി, ചെറുപയർ, മല്ലി, മുളക് തുടങ്ങിയ അവശ്യവസ്തുക്കൾ സംഭരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന അരിയുടെ 70 ശതമാനവും 'ജയ'യും 'ജ്യോതി'യുമാണ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് 'ജ്യോതി' എത്തിക്കുന്നത്.
വെള്ള കാർഡിന് 10കിലോ അരി
വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ റേഷൻകടകളിൽ വിതരണം തുടങ്ങി. സാധാരണ നൽകുന്ന എട്ടുകിലോക്ക് പുറമെയാണിത്. നീല കാർഡ് ഉടമകൾക്ക് എട്ടുകിലോ അരി അധികമായി ലഭിക്കും. സപ്ലൈകോ ഔട്ട്ലറ്റുകളോ മാവേലി സ്റ്റോറുകളോ ഇല്ലാത്ത താലൂക്കുകളിൽ മൊബൈൽ മാവേലി സ്റ്റോറുകളിൽനിന്ന് റേഷൻ കാർഡ് ഉടമകൾക്ക് അരിവാങ്ങാം. ജയ, കുറുവ, മട്ട, പച്ചരി എന്നിവ ലഭിക്കും. മാവേലി സ്റ്റോറുകളിൽ ജയ, കുറുവ എന്നിവ കിലോക്ക് 25 രൂപക്കും മട്ട 24നും പച്ചരി 23നും സബ്സിഡി നിരക്കിൽ ലഭിക്കും. എല്ലാംകൂടി 10 കിലോമാത്രമേ ലഭിക്കൂ എന്ന നിബന്ധനയുണ്ട്. സബ്സിഡി ഇല്ലാതെ ജയ, കുറുവ, മട്ട എന്നിവ കിലോക്ക് 39 രൂപക്കും സുരേഖ 40നും പച്ചരി 28നും ലഭിക്കും.
'ജയ പഴയ ജയയല്ല'
മലയാളിക്ക് പ്രിയമായ ജയ അരി ഇപ്പോൾ പഴയ ആളല്ല. ജയയെന്ന് നമ്മൾ വളിക്കുന്ന പഴയ ബ്രാൻഡ് അരി ഏതെന്ന് ഇപ്പോൾ ആന്ധ്രയിലെ കർഷകർക്കറിയില്ല. അന്നത്തെ ഇനം ജയ നെല്ലിന്റെ കൃഷി ആന്ധ്രയിലെ കർഷകർ പൂർണമായും നിർത്തിയിട്ട് വർഷങ്ങളാകുന്നു. ഇപ്പോൾ ജയ അരി തിരക്കി ചെല്ലുന്നവരോട് സാമ്പിൾ കൊണ്ടുവരാനാണ് ആന്ധ്ര ആവശ്യപ്പെടുന്നത്. സാമ്പിളുമായി താരതമ്യം ചെയ്ത് ഇപ്പോൾ അവിടെ കൃഷിചെയ്യുന്ന സമാനമായ അരി നൽകുകയാണ്.
ഇന്റർനാഷനൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ആർ.ആർ.ഐ) നിന്നുള്ള ഇനമായ ജയയുടെ കൃഷി 1965ലാണ് ആരംഭിച്ചത്. മറ്റ് പല ഉയർന്ന വിളവ് ഇനങ്ങളും അവതരിപ്പിച്ചതിനെത്തുടർന്ന് വളരെക്കാലം മുമ്പ് കർഷകർ ജയയുടെ കൃഷിയിൽനിന്ന് പിന്തിരിയുകയായിരുന്നു. ഉയർന്ന വിളവും ആദായവും കണക്കിലെടുത്ത് കിഴക്കൻ ഗോദാവരി ജില്ലയിലെ കർഷകർ പ്രഭാത് അല്ലെങ്കിൽ ബോണ്ടാലു എന്നീ ഇനങ്ങളാണ് കൂടുതലും കൃഷിചെയ്യുന്നത്. അതാണ് ഇപ്പോൾ ജയ എന്നപേരിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.