കൊച്ചി: നിയമലംഘനങ്ങളും അലക്ഷ്യമായ വാഹന ഡ്രൈവിങും കവരുന്നത് വിലപ്പെട്ട ജീവനുകൾ. ജില്ലയിൽ ഒരുമാസത്തിനിടെയുണ്ടായ അപകട മരണങ്ങളുടെ കണക്കുകൾ ഇക്കാര്യത്തിൽ കൂടുതൽ ഗൗരവകരമായ ഇടപെടൽ ആവശ്യപ്പെടുന്നതാണ്. 18 പേരുടെ ജീവൻ ഇക്കാലയളവിൽ റോഡുകളിൽ പൊലിഞ്ഞപ്പോൾ 28ലധികം ആളുകൾക്ക് പരിക്കേറ്റു. ഏറ്റവുമൊടുവിൽ പൊന്നുരുന്നി റെയിൽവെ മേൽപാലത്തിൽ അച്ഛന്റെയും മകന്റെയും ജീവനെടുത്തതും അപകടമുണ്ടാക്കിയ കാർ ഡ്രൈവറുടെ നിയമലംഘനമാണെന്നാണ് റിപ്പോർട്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എല്ലാവരും ശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ മാത്രമെ ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനാകുകയുള്ളു. റോഡുകളുടെ തകർച്ചക്കൊപ്പം അധികൃതർ ശ്രദ്ധചെലുത്തി പരിഹരിക്കേണ്ട നിരവധി വിഷയങ്ങളുണ്ടെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സീപോർട്ട് എയർപോർട്ട് റോഡിൽ പോത്ത് വട്ടം ചാടിയുണ്ടായ അപകടത്തിൽ വ്യാഴാഴ്ച ഒരു ഇരുചക്ര വാഹന യാത്രികന്റെ ജീവൻ പൊലിഞ്ഞു. തെരുവ് നായ്ക്കളടക്കം വാഹനങ്ങൾക്ക് ഭീഷണിയാകുന്നുവെന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് പൊതുജനത്തിന് പറയാനുള്ളത്. ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കളമശ്ശേരി: നിർമാണം പൂർത്തിയാക്കാത്ത സീപോർട്ട് എയർപോർട്ട് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. രണ്ടറ്റവും പൂർത്തിയാക്കാത്ത നാലു വരി റോഡ് വിജനമായതിനാൽ മത്സരയോട്ടവും കാർ, ബൈക്ക് റേസിങ് പരിശീലനവും പതിവ് കാഴ്ചയാണ്. റോഡിനിരുവശവും പാടങ്ങളാണ്. ഇവിടെ മേയുന്ന നാൽക്കാലികൾ റോഡിന് കുറുകെചാടുന്നതും അപകടത്തിനിടയാക്കുന്നു. ഒരു വർഷത്തിനിടെ ഇവിടെ നിരവധി അപകടങ്ങളാണ് നടന്നത്. കൂട്ടുകാർക്കൊപ്പം ബൈക്കിൽ പോകുംവഴി പോത്ത് വട്ടംചാടിയുണ്ടായ അപകടത്തിലാണ് വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ കണ്ണപുരം കാരക്കൽ രമേഷിന്റെ മകൻ അജയ് രമേഷ് (22) മരിച്ചത്. കഴിഞ്ഞ വർഷം ബൈക്ക് റേസിങ്ങിനിടെ പോത്ത് വട്ടംചാടി ഉണ്ടായ അപകടത്തിൽ നാലു യുവാക്കൾക്ക് പരിക്കേറ്റിരുന്നു.
ബൈക്ക് റേസിങ്ങിനിടെ നിയന്ത്രണം വിട്ട് തെറിച്ചുവീണ് യുവാവ് മരണപ്പെടുകയും ചെയ്തു. അടുത്തിടെ മകളുമൊത്ത് സ്കൂട്ടറിൽ വരുമ്പോൾ പോത്ത് വട്ടംചാടി മദ്രസ അധ്യാപകനും മകൾക്കും പരിക്കേറ്റിരുന്നു. വർഷങ്ങളായി നിർമാണം നടക്കുന്ന സീപോർട്ട് എയർപോർട്ട് റോഡിന്റെ എച്ച്.എം.ടി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗവും എൻ.എ.ഡി റോഡുമായി ബന്ധപ്പെടുന്ന ഭാഗങ്ങളും യോജിപ്പിച്ചിട്ടില്ല. ഇരുഭാഗത്തും സ്ഥലം വിട്ടുകിട്ടാത്തതാണ് കാരണം. അടുത്തിടെ സ്ഥലം ലഭിക്കാനുള്ള അനുമതി ലഭിച്ചതായി സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി. രാജീവ് അറിയിച്ചിരുന്നു. എന്നാൽ നിർമാണം തുടങ്ങിയിട്ടില്ല. റോഡിലൂടെ ഗതാഗതം പാടില്ലെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൗനിക്കാറില്ലെന്നാണ് അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അപകടങ്ങൾ പതിവായപ്പോൾ വേഗത കുറക്കാൻ നാട്ടുകാർ വേഗതടസ്സ സംവിധാനം വെച്ചിട്ടുണ്ട്.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങൾ ഒരുമാസത്തിനിടെ വിവിധയിടങ്ങളിലുണ്ടായിട്ടുണ്ട്. വരാപ്പുഴ പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടിക്ക് സമീപം ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവവുമുണ്ടായി. മലയാറ്റൂരിൽ മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചത് കഴിഞ്ഞ മാസം 30നാണ്. കോതമംഗലത്ത് ലോറിയിൽ തടികയറ്റുന്നതിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നെടുമ്പാശ്ശേരി അത്താണിയിൽ സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ സഞ്ചരിക്കുമ്പോൾ മീഡിയനിലിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചത്. മൂവാറ്റുപുഴ-കോതമംഗലം റോഡിൽ പുതുപ്പാടിയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്, അമ്പാട്ടുകാവ് യൂടേണിൽ ബൈക്ക് അപടകത്തിൽ വിദ്യാർഥി മരിച്ചത് എന്നിവയെല്ലാം ജില്ലയെ കണ്ണീരിലാഴ്ത്തിയ സംഭവങ്ങളാണ്.
സ്വന്തം ജീവൻ പോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണെന്ന ബോധ്യം വാഹനവുമായി നിരത്തിലേക്കിറങ്ങുന്ന എല്ലാവർക്കുമുണ്ടായേ തീരൂ. ഒരാളുടെ വീഴ്ച ചിലപ്പോൾ പലരുടെയും കണ്ണീരായി മാറും. മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിക്കുന്നവർ ഇക്കാര്യങ്ങളാണ് മനസിലാക്കേണ്ടത്. ഇതോടൊപ്പം വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധനകളിലൂടെ ഉറപ്പുവരുത്തണം. ബ്രേക്ക് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് യാത്രകൾക്ക് മുമ്പ് പരിശോധിക്കണം. സഞ്ചരിക്കുമ്പോൾ മാത്രമല്ല, വാഹനം പാർക്ക് ചെയ്യുമ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത മൂവാറ്റുപുഴയിൽ ഏതാനും ആഴ്ചകൾക്ക് മുമ്പുണ്ടായ അപകടം വ്യക്തമാക്കുന്നു. പാർക്ക് ചെയ്ത ട്രാവലർ ഉരുണ്ടു നീങ്ങിയപ്പോൾ പിടിച്ചുനിർത്താനുള്ള ശ്രമത്തിനിടെ യുവാവ് മരിച്ച സംഭവം നാടിന്റെ വേദനയാണ്.
നഗരത്തിലെ ബസുകളുടെ അമിതവേഗത്തെക്കുറിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്. തിരക്കേറിയ പാതയിലൂടെ അലക്ഷ്യമായി പായുന്ന ബസുകളിൽ ഭീതിയിലാണ് ആളുകൾ യാത്ര ചെയ്യുന്നത്. വാതിലുകൾ അടച്ചിടണമെന്ന നിർദേശം പലരും കാറ്റിൽപറത്തുന്നു. വാതിലുകളില്ലാതെയാണ് പല ബസുകളും നിരത്തിലോടുന്നത്. രാത്രി സമയങ്ങളിൽ വാഹനങ്ങളുായി റേസിങിന് ഇറങ്ങുന്ന യുവാക്കളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെത്തുന്നവരുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തിൽ എം.ജി റോഡിലൂടെയും ദേശീയപാതയിലൂടെയുമൊക്കെ ചീറിപ്പായുന്ന മറ്റുള്ളവർക്കും ഭീഷണിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.