കൊച്ചി: ഇടക്കിടെ പെയ്യുന്ന മഴ മാറി പകൽ വെയിലിന്റെ ചൂട് ശക്തമാകുന്നു. കാലാവസ്ഥയിൽ ഇത്തരത്തിൽ മാറ്റംവരുകയും തുലാവർഷം പിൻവാങ്ങുകയും ചെയ്യുമ്പോൾ ജില്ലയിൽ പെയ്ത മഴ സാധാരണ ജനുവരിയിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ കേരളത്തിൽതന്നെ ഏറ്റവുമധികം മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. ജനുവരി ഒന്നുമുതൽ 10 വരെ 2.8 മി.മീ. മഴ മാത്രമാണ് ജില്ലയിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 112.9 മി.മീ. മഴ കിട്ടി. ശൈത്യകാല മഴ സീസണിൽ ഇത്തരം വർധന അപൂർവമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 29 വരെ പെയ്യുന്നതാണ് ശൈത്യകാല മഴയായി കണക്കാക്കപ്പെടുന്നത്. വരുംദിവസങ്ങളിൽ ജില്ലയിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല. ചൂട് വർധിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. രാത്രിയും പുലർച്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽമഴ ലഭിക്കാനാണ് സാധ്യത. മുൻവർഷങ്ങളിലേതുപോലെ പുലർച്ചയും രാത്രിയും തണുപ്പ് ഉയർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കാലാവസ്ഥയിലെ മാറ്റങ്ങൾ രോഗങ്ങൾക്ക് വഴിവെക്കുന്നുണ്ട്. സമീപ ആഴ്ചയിൽ പനിയടക്കം പകർച്ചവ്യാധികളും വിട്ടുമാറാത്ത ചുമയും നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ തിങ്കളാഴ്ച മാത്രം 609 പേർ പനിബാധിച്ച് ഒ.പിയിൽ ചികിത്സ തേടി. ഇതിൽ 15 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ പനിബാധിച്ച് 3463 പേർ ഒ.പിയിൽ ചികിത്സ തേടിയപ്പോൾ 125 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിച്ചു.
ഈ മാസം ലഭിച്ച മഴ സംബന്ധിച്ച് കാർഷിക മേഖലയിൽനിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമാകുന്നത്. മഞ്ഞ് കുറഞ്ഞതും മഴയുടെ അളവ് വർധിച്ചതും വിവിധ കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, പ്രതീക്ഷിക്കാതെ ലഭിച്ച മഴ വാഴ, പച്ചക്കറി കര്‍ഷകര്‍ക്ക് ആശ്വാസവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.