കൊച്ചി: നഗരസഭ സെക്രട്ടറി അവധിയിൽ പോയതോടെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ഫയലുകൾ കുന്നുകൂടുന്നതായി പരാതി. അസി. എൻജിനീയർക്ക് ചുമതല കൈമാറിയെങ്കിലും സെക്രട്ടറിയുടെ പിടിവാശിമൂലം നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
നവംബർ 24 മുതൽ ഡിസംബർ ആറുവരെയാണ് സെക്രട്ടറി ബി. അനിൽകുമാർ അവധിയെടുത്തത്. തുടർന്ന് നഗരസഭ പ്രവർത്തനങ്ങൾ സുഗമമായി കൊണ്ടുപോകാൻ അസി. എൻജിനീയർ ടി.കെ ഹരിദാസന് പൂർണചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, വിവിധ ബില്ലുകൾ പാസാക്കുന്നത് ഉൾപ്പെടെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്ന സ്ഥിതിയാണ്. അവധിയിലാണെങ്കിലും വാട്സ്ആപ്പിലൂടെ സെക്രട്ടറി തന്നെയാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതെന്നാണ് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെയുള്ളവരുടെ ആക്ഷേപം.
ബില്ലുകൾ ഉൾപ്പടെ സർക്കാർ ഫയലുകൾ നഗരസഭ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയിട്ടും നടപടി സ്വീകരിക്കാത്ത സ്ഥിതിയാണെന്ന് അജിത പറഞ്ഞു.
ബില്ലുകൾ പാസാവാത്തതിനാൽ കരാറുകാർ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസി. എൻജിനീയർക്ക് അധ്യക്ഷ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.