ഉമ തോമസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.​ടി​യു​ടെ ഛായാ​ചി​ത്രം വരച്ചുനൽകിയ

ഒ​ൻ​പ​തു​വ​യ​സ്സു​കാ​രി ബ​റ്റീ​നക്കൊപ്പം

സ്ഥാനാർഥിക്കൊപ്പം: പി.ടിയുടെ ഓർമ; ഉമ തൃക്കാക്കരക്ക് അരുമ

കൊച്ചി: 'ഇനിയൊരുജന്മമുണ്ടായിരുന്നെങ്കിൽ അതും ഈ നാടിനായി തരുമായിരുന്നു പി.ടി...' ഇത് പറയുമ്പോൾ വൈകാരികത നിറഞ്ഞ അഭിമാനബോധമാണ് പ്രകടമായത്. മണ്ഡലപര്യടനം തുടങ്ങുംമുമ്പ് ഉമ തോമസ് 'മാധ്യമ'ത്തോട് മനസ്സ് തുറന്നു. പി.ടിക്കുവേണ്ടി അെല്ലങ്കിൽ പി.ടിയുടെ തുടർച്ചക്കാണ് താൻ വോട്ട് ചോദിക്കുന്നത്, അത് ഈ നാട്ടിലെ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പി.ടി സഹായിച്ചവരും അദ്ദേഹത്തെ സഹായിച്ചവരും ഇവിടുണ്ട്, അവർ തിരിച്ച് സഹായിക്കും.

രാവിലെ ഇടപ്പള്ളി പാടിവട്ടത്ത് നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ വൈകി പര്യടനം ആരംഭിച്ചപ്പോഴേക്കും കെ.കെ. രമ എം.എൽ.എ എത്തി. ഒരു നിമിഷം ടി.പിയുടെയും പി.ടിയുടെയും ഓർമകൾ അവരിരുവരിലും മാത്രമല്ല കൂടിയിരുന്നവരിലും സന്നിവേശിച്ചു. ഏതാനും മണിക്കൂർ ഉമക്കൊപ്പം രമയും പ്രചാരണത്തിനിറങ്ങി. അതിജീവിതയുടേതടക്കമുള്ള കാര്യങ്ങളിൽ സ്ത്രീവിരുദ്ധതയാണ് ഈ സർക്കാറിന്‍റെ മുഖമുദ്ര, അതിനെതിരെ പോരാടാൻ തനിക്കൊപ്പം നിയമസഭയിൽ ഉമയും ഉണ്ടാവണം - ജനങ്ങളോടുള്ള രമയുടെ അഭ്യർഥന. രമയുടെ സാന്നിധ്യം തനിക്ക് ഏറെ ഊർജം പകർന്നു, ഇനി നിയമസഭയിൽ ഒന്നിച്ചുള്ള പോരാട്ടത്തിന് തൃക്കാക്കരയിലെ ജനപിന്തുണ ലഭിക്കുമെന്നുതന്നെയാണ് വിശ്വാസം- ഉമ പറഞ്ഞു. കെ.പി.സി.സി ജന. സെക്രട്ടറി ആലിപെട്ടി ജമീല, മഹിള കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണ എന്നിവരും എത്തിയതോടെ സ്ത്രീശാക്തീകരണം പൂർത്തിയായി.

പര്യടനവേളയിലുടനീളം മുക്കുമൂലകളിൽ സ്ഥാനാർഥിയെ കാത്തുനിന്നത് അധികവും സ്ത്രീകളായിരുന്നു. നട്ടുച്ചക്ക് മെഡിക്കൽ സെന്‍റർ ആശുപത്രിക്ക് മുന്നിലെ സ്വീകരണ കേന്ദ്രത്തിൽ കാത്തുനിന്നത് വൻ ജനകൂട്ടം, സ്ഥാനാർഥിക്കൊപ്പം സെൽഫി എടുക്കാനുള്ള വെമ്പൽ നാട്ടുകാരുടെ സ്നേഹത്തുളുമ്പലായാണ് അനുഭവപ്പെട്ടത്. സ്റ്റുഡൻസ് ഷെൽറ്റർ ട്യൂഷൻ സെന്‍ററിനുമുന്നിൽ കാത്തുനിന്നത് കുട്ടിക്കൂട്ടം, അവരിൽ രണ്ടുപേർക്ക് മൈക്കിലൂടെ പാടണമെന്നായി ആവശ്യം, വോൾഗയും ഇയോണും ചേർന്ന് പാടി 'വണക്കം വോട്ടറേ വോട്ടു ചെയ്യണം.....' കെട്ടിപ്പിടിച്ച് മുത്തവും ഒപ്പം മധുരവും നൽകി ഉമ. തൊട്ടപ്പുറം വെണ്ണല എ.ആർ ലെയ്നിൽ കാത്തുനിന്ന പെൺകുട്ടികൾ ഒരു അപൂർവ സമ്മാനവും സ്ഥാനാർഥിക്കായി കരുതിയിരുന്നു, താൻ വരച്ച പി.ടിയുടെ ഛായാചിത്രം ഒൻപതുവയസ്സുകാരി ബറ്റീന ഉമക്ക് നൽകി. സഹോദരി ക്രിസ്റ്റീനയും ഒപ്പമുണ്ടായിരുന്നു. പി.ടിയുടെ ഓർമകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനങ്ങൾ, ഇടവഴികളിൽ പോലും അദ്ദേഹത്തിന്‍റെ പേര് കൊത്തിവെച്ച ശിലാഫലകങ്ങളും വിളക്ക് കാലുകളും, അദ്ദേഹത്തിനുവേണ്ടി എന്നപോലെ വിതുമ്പലോടെ ഉമയെ അണച്ചുപിടിക്കുന്ന വയോധികജനങ്ങൾ- ഇതൊക്കെയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയപ്രതീക്ഷയുടെ ഘടകം.

Tags:    
News Summary - Thrikkakara by-election: Uma Thomas' campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.