കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വാഹന പാർക്കിങ് സ്ഥലത്ത് സന്ദർശകരുടെയും ജനപ്രതിനിധികളുടെയും നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കച്ചവടക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാതെ വലയുന്നു. പാർക്കിങ് സൗകര്യം ഉണ്ടെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും രാവിലെ വിവിധ ആവശ്യങ്ങൾക്ക് നഗരസഭയിൽ എത്തുന്നവർ അടക്കം റോഡരികിൽ വാഹനം പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.
നഗരസഭ പാർക്കിങ് കേന്ദ്രത്തിൽ മാലിന്യ സംസ്കരണ ലോറിയും ചെറുവാഹനങ്ങളും ടാക്സി ഓട്ടോകളും മറ്റും ഇടംപിടിച്ചതാണ് കാരണം. നഗരസഭ കെട്ടിടത്തിലെ പ്രവേശന കവാടത്തിന്റെ ഭാഗത്തുള്ള കച്ചവടക്കാർക്ക് പാർക്കിങ് സൗകര്യം ഇല്ലാതായിട്ട് വർഷങ്ങളായി. നേരത്തേ പാർക്കിങ് സൗകര്യം ഉണ്ടായിരുന്നതാണ്. നഗരസഭ കെട്ടിട നവീകരണത്തിന്റെ ഭാഗമായി പാർക്കിങ് ഭാഗം ഒഴിവാക്കുകയായിരുന്നു.
പ്രവേശന കവാടത്തിലൂടെ ചെയർപേഴ്സന്റെയും മറ്റു പ്രധാന വ്യക്തികളുടെയും വാഹനങ്ങൾ മാത്രമേ പ്രവേശനാനുമതിയും പാർക്കിങ്ങും ഉള്ളൂ. പല സ്വകാര്യ വാഹനങ്ങളും ദിവസങ്ങളോളം പാർക്ക് ചെയ്യുന്നതായും ആക്ഷേപമുണ്ട്. നിലവിലെ പാർക്കിങ് സ്ഥലത്തുനിന്ന് നഗരസഭയുടെ മാലിന്യശേഖരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും മറ്റ് അനധികൃത വാഹനങ്ങളും മാറ്റി പാർക്കിങ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.