കൊച്ചി: ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിൽ മിന്നലിൽ നിരവധി നാശനഷ്ടങ്ങൾ. വൈകുന്നേരങ്ങളിൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലാണ് ദിവസവുമുണ്ടാകുന്നത്. വൈദ്യുതി ഉപകരണങ്ങൾ മുതൽ ജീവനുവരെ ഭീഷണിയാകുന്ന അപകടമുണ്ടാകാതിരിക്കാൻ കരുതൽ ആവശ്യമാണ്.
കോതമംഗലം അയിരൂർപ്പാടത്ത് ഇടിമിന്നലിൽ അഞ്ച് വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. വീടിന്റെ ഭിത്തിയിലും മേൽക്കൂരയിലും വിള്ളൽ വീണു. ജനൽ ചില്ല് പൊട്ടിത്തെറിച്ച സംഭവവുമുണ്ട്.
മീറ്ററും വയറിങ് സാമഗ്രികളും കത്തിപ്പോകുകയും ഇൻവെർട്ടർ, സീലിങ് ഫാൻ തുടങ്ങിയവക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ചെങ്ങമനാട് പഞ്ചായത്തിലെ പനയക്കടവ് പഴയ ഓട് കമ്പനി ഭാഗത്തും വീടുകളിൽ വ്യാപകനാശമുണ്ടായി. ഇൻവെർട്ടർ, സെറ്റ്ടോപ് ബോക്സുകൾ, ഫാനുകൾ, മെയിൻ സ്വിച്ചുകൾ, പ്ലഗുകൾ, ജലവിതരണ പൈപ്പുകൾ എന്നിവയടക്കം നശിച്ചു.
പൊള്ളൽ മുതൽ ഹൃദയാഘാതംവരെ സംഭവിക്കാം
ഉപകരണങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുന്നത് മാത്രമല്ല, മനുഷ്യജീവനുതന്നെ ഭീഷണിയാകുന്നതാണ് മിന്നൽ. ഇതിന്റെ ആഘാതം പൊള്ളൽ, കാഴ്ച-കേൾവി തകരാർ, ഹൃദയാഘാതം എന്നിവക്കെല്ലാം വഴിവെക്കാറുണ്ട്. മിന്നലേറ്റാൽ പ്രഥമശുശ്രൂഷ നൽകി ഉടൻ വൈദ്യസഹായം ലഭ്യമാക്കണം. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ആഘാതമേറ്റയാളുടെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് ആദ്യം ഉറപ്പാക്കണം.
ജില്ലയിൽ ലഭിച്ച മഴ
ബുധനാഴ്ച നേര്യമംഗലത്ത് 10.5 മി.മീ. മഴ ലഭിച്ചു. ചൊവ്വാഴ്ച ചൂണ്ടിയിൽ 29.0 മി.മീ., കൂത്താട്ടുകുളം 18 മി.മീ., നേര്യമംഗലം 4.5 മി.മീ., ഓടക്കാലി 10 മി.മീ., പള്ളുരുത്തി 24.5 മി.മീ. എന്നിങ്ങനെ മഴ ലഭിച്ചു. തിങ്കളാഴ്ച നേര്യമംഗലത്ത് 56 മി.മീ. മഴയാണ് ലഭിച്ചത്. ഞായറാഴ്ച കൂത്താട്ടുകുളത്ത് 16.5, മട്ടാഞ്ചേരിയിൽ 23 മി.മീ. വീതം മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.