കൊച്ചി: ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടിവന്ന ട്രാൻസ്ജെൻഡർ അതിഥി അച്യുതിെൻറ സ്വപ്ന സാക്ഷാത്കാരമായി ആധുനിക സജ്ജീകരണങ്ങളോടെ മീൻവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭക കൂടിയാണ് അതിഥി. സ്ഥിരവരുമാനത്തിനായി സ്വന്തം സംരംഭം കണ്ടെത്താൻ അതിഥിക്ക് കൈത്താങ്ങായത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ). കൂടുമത്സ്യകൃഷി, ബയോേഫ്ലാക് കൃഷി എന്നിവയിൽ വിളവെടുത്ത മത്സ്യങ്ങൾ വെണ്ണല മാർക്കറ്റിലെ അതിഥിയുടെ സ്റ്റാളിൽ ലഭിക്കും.
ട്രാൻസ്ജെൻഡർ ആയത് കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്, ഏറെ അലച്ചിലുകൾക്ക് ശേഷം ലഭിക്കുന്ന തൊഴിലിടങ്ങളിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ മൂലം പ്രയാസപ്പെട്ട എളമക്കര സ്വദേശിയായ അതിഥിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തം സംരംഭം. ജീവനുള്ള മീനുകൾക്കൊപ്പം കടൽ മത്സ്യങ്ങളും സ്റ്റാളിൽ ലഭിക്കും. മത്സ്യങ്ങൾ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നൽകും.
ഫ്രീസർ, മീനുകളെ ജീവനോടെ നിലനിർത്താനുള്ള സജ്ജീകരണം, മുറിച്ചുനൽകാനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികൾ, കൂളർ തുടങ്ങിയവ സി.എം.എഫ്.ആർ.ഐ നൽകി. അഞ്ചുലക്ഷത്തോളം രൂപ ഇതിനായി ചെലവിട്ടു. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്.
വിപണന കേന്ദ്രത്തിെൻറ ഉദ്ഘാടനം അഭിനേതാക്കളായ ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ ചേർന്ന് നിർവഹിച്ചു. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ കെ.മധു താക്കോൽ കൈമാറി. പൊതുപ്രവർത്തകനായ സി.ജി രാജഗോപാലും സഹായവുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.