കൊച്ചി: സംസ്ഥാനത്ത് നിശ്ശബ്ദമായി നടക്കുന്ന ത്രികോണ ഏറ്റുമുട്ടലാണ് പട്ടികജാതി സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ. അതിൽ മൂന്നാമത്തേത് എൻ.ഡി.എ അല്ല, കിഴക്കമ്പലം ട്വൻറി20 ആണെന്നതാണ് മണ്ഡലത്തെ വേറിട്ടതാക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.എൽ.എ വി.പി. സജീന്ദ്രൻ, എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീനിജിൻ, ട്വൻറി20 സ്ഥാനാർഥി ഡോ. സുജിത്ത് പി. സുരേന്ദ്രൻ, എൻ.ഡി.എ സ്ഥാനാർഥി രേണു സുരേഷ് എന്നിവരാണ് മത്സരരംഗത്ത്.
യു.ഡി.എഫിെൻറ പരമ്പരാഗത ശക്തികേന്ദ്രമായ മണ്ഡലത്തിൽ കിഴക്കമ്പലം ട്വൻറി20 എന്ന അന്ന-കിറ്റെക്സ് ഗ്രൂപ്പിെൻറ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽ പ്രവർത്തിക്കുന്ന സംഘടനയുടെ രാഷ്ട്രീയ പ്രവേശം ഇരുമുന്നണിക്കും പ്രതിസന്ധി തീർത്തിട്ടുണ്ട്. ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, വാഴക്കുളം എന്നീ എട്ട് പഞ്ചായത്ത് ചേർന്നതാണ് കുന്നത്തുനാട്. ഇതിൽ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ട്വൻറി20യുടെ ഭരണത്തിലാണ്. പൂതൃക്കയും വാഴക്കുളവും യു.ഡി.എഫും തിരുവാണിയൂരും വടവുകോട് പുത്തൻകുരിശും എൽ.ഡി.എഫും ഭരിക്കുന്നു. പ്രചാരണം പാതിദൂരം പിന്നിടുേമ്പാൾ 2016ലെ തെരഞ്ഞെടുപ്പിൽ 16,459 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി കാര്യമായി രംഗത്തില്ലെന്നതാണ് കൗതുകം. പകരം ട്വൻറി20 കാടിളക്കി പ്രചാരണം നടത്തുന്നു.
2006ലെ നിയമസഭ െതരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായിരുന്ന ഞാറക്കലിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് തോൽവി നേരിട്ട പി.വി. ശ്രീനിജിൻ ഇക്കുറി സി.പി.എം സ്ഥാനാർഥിയാണ്. 2018ൽ സി.പി.എം അംഗമായ ഇദ്ദേഹം അപ്പോൾ മുതൽ കുന്നത്തുനാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. 2011, 2016 തെരഞ്ഞെടുപ്പിൽ തുടർച്ചയായി വിജയിച്ച സജീന്ദ്രന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം 2679 മാത്രമാണ്. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വൻറി20 മണ്ഡലത്തിൽ 39,164 വോട്ട് നേടിയിട്ടുണ്ട്. ട്വൻറി20ക്ക് വിജയസാധ്യത ഇല്ലെങ്കിലും ഇരുമുന്നണി സ്ഥാനാർഥികളിൽ ഒരാളുടെ തോൽവി ഉറപ്പാക്കാൻ കോർപറേറ്റ് പരീക്ഷണത്തിന് കഴിയും.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 79 പഞ്ചായത്ത് വാർഡിൽ 65 എണ്ണം വിജയിച്ചതാണ് ട്വൻറി20യുടെ മേൽെക്കെ. പാർട്ടി വിജയിച്ച വാർഡുകളിൽ യു.ഡി.എഫും എൽ.ഡി.എഫുമാണ് രണ്ടാമതോ മൂന്നാമതോ ആയത്. വികസനം എന്ന മുദ്രാവാക്യം ഉയർത്തുേമ്പാൾ അതിന് മറവിൽ സമൂഹത്തെ ബാധിക്കുന്ന സി.എ.എ, എൻ.ആർ.സി, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പി അനുകൂല നിലപാടാണ് ട്വൻറി20 എടുക്കുന്നതെന്ന് ഇരുമുന്നണിയും ആരോപിക്കുന്നു. അഴിമതിമുക്ത ആധുനിക കേരളം എന്ന ആശയം മുന്നോട്ടുവെച്ചാണ് ട്വൻറി20 ഇതിനെ പ്രതിരോധിക്കുന്നത്.
2016 നിയമസഭ
വി.പി. സജീന്ദ്രൻ 65445
ഷിജി ശിവജി 62,766
തുറവൂർ സുരേഷ് 16,459
ഭൂരിപക്ഷം 2679.
2020 തദ്ദേശം
യു.ഡി.എഫ് 55,234
എൽ.ഡി.എഫ് 53,272
എൻ.ഡി.എ 13,004
ട്വൻറി20 39,164
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.