വരാത്ത റോഡ്; വഴിമുട്ടിയ ജീവിതം-പരമ്പരയുടെ അവസാനഭാഗം:
ഇരുപദ്ധതികളും ചേർത്തോ അല്ലാതെയോ ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽപോലും ഏതുവിധത്തിലുള്ള നഷ്ടപരിഹാര പാക്കേജാണ് നൽകുകയെന്നതിനെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 30 വർഷത്തിലധികം നീണ്ട ദുരിതത്തിനും ത്യാഗത്തിനും അധികൃതർ വിധിക്കുന്ന നഷ്ടപരിഹാരം നീതിയുക്തമായിരിക്കണം.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിക്കും കെട്ടിടങ്ങളുള്‍പ്പെടെ എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും മരങ്ങള്‍ക്കും പ്രത്യേകമായി വിലനിർണയം നടത്തി സമശ്വാസ പ്രതിഫലവും ചേര്‍ത്താണ് നഷ്ടപരിഹാരമായി നൽകേണ്ടത്. പദ്ധതിക്കായി ഭൂമി മരവിപ്പിക്കപ്പെട്ടതിനാൽ തകർന്നുവീണ വീടുകൾ, ഇല്ലാതായ കൃഷിയിടങ്ങൾ എന്നിവക്കെല്ലാം അർഹമായ തുക നഷ്ടപരിഹാരമായി ലഭിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇരട്ടിക്കുന്ന ആശങ്ക
കൊച്ചി: മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ആശങ്കകൾ അവസാനിക്കാതെ തുടരുമ്പോഴാണ് പുതുതായൊരു പദ്ധതികൂടി തൃപ്പൂണിത്തുറ, തിരുവാങ്കുളം മേഖലയിലൂടെ എത്തുന്നത്. ദേശീയപാതയുടെ പേരിൽ മരവിപ്പിക്കപ്പെട്ട ഭൂമിയുടെ മീറ്ററുകൾ അകലെയാണ് കുണ്ടന്നൂർ-അങ്കമാലി ബൈപാസിനായി ഭൂമി ഏറ്റെടുക്കൽ വരുന്നത്. നിലവിൽ ഇരുന്നൂറിലധികം വീട്ടുകാരെ വർഷങ്ങളോളം സർക്കാർ ഓഫിസുകൾ കയറിയിറക്കിയ പദ്ധതി എങ്ങുമെത്താതെ കിടക്കുമ്പോൾ, പുതിയ പദ്ധതിയുടെ ഭാഗമാകുമെന്ന് കരുതുന്ന ആളുകൾ ആശങ്കയിലാണ്.
ഇരു പദ്ധതികളും ഒന്നായി പരിഗണിക്കണമെന്ന ആവശ്യമാണ് ഇവർക്കെല്ലാമുള്ളത്. അങ്ങനെയെങ്കിൽ, ദേശീയ പാതക്കായി മരവിപ്പിക്കപ്പെട്ട ഭൂമി ഇതിനോടൊപ്പം ഉൾക്കൊള്ളുകയും 34 വർഷം നീണ്ട ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുകയും ചെയ്യും. എന്നാൽ, ഇത് രണ്ടും രണ്ട് അലൈൻമെന്റുകളായാണ് പരിഗണിക്കപ്പെട്ടിരിക്കുന്നതെന്ന വിശദീകരണമാണ് അധികൃതരിൽനിന്ന് ലഭിക്കുന്നത്. കുണ്ടന്നൂർ-അങ്കമാലി ബൈപാസിന്റെ പേരിൽ എത്രയാളുകൾ ഒഴിയേണ്ടിവരുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പദ്ധതികളുടെ പേരിൽ വീർപ്പുമുട്ടുന്ന ജനതയായി മേഖലയിലുള്ളവരെ മാറ്റുന്നുവെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം.
ജനങ്ങൾക്ക് നീതി ലഭിക്കണം
ദേശീയപാത ഭൂമിയേറ്റെടുക്കലെന്ന പേരിൽ 34 വർഷമായി ദുരിതത്തിലായ ജനങ്ങളുടെ ആകുലതകളും അനുഭവിച്ച ദുരിതങ്ങളും വിവരിച്ച ‘മാധ്യമം’ പരമ്പരയോട് പ്രമുഖരുടെ പ്രതികരണം.
ജനങ്ങളുടെ ആവശ്യം ന്യായം -ബെന്നി ബഹനാൻ എം.പി
കൊച്ചി-മധുര ദേശീയപാതക്കുവേണ്ടി 30 വർഷത്തിലധികമായി ഭൂമി ഏറ്റെടുത്തിട്ട്. ഇന്നും തീരുമാനമായിട്ടില്ല. സ്വന്തം സ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയാതെ താമസിക്കുന്ന ഇവിടുത്തെ വീട്ടുകാരുടെ ആവശ്യങ്ങൾ ന്യായമാണ്. പുതിയ രീതിയിലേക്ക് പദ്ധതി വരുമ്പോൾ ഒരുഭാഗം വിട്ടുപോകുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളെല്ലാം കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ടും പാർലമെന്റിലും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും പൂർണമായ തീരുമാനമായിട്ടില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി ഇടപെടൽ തുടരുകയാണ്.
ജനങ്ങൾക്കൊപ്പം മുന്നോട്ട് -ഹൈബി ഈഡൻ എം.പി
കൊച്ചി-തേനി, കുണ്ടന്നൂർ-അങ്കമാലി എന്നീ രണ്ട് പദ്ധതികളും കൂടി ഒരു ഭൂമിയേറ്റെടുക്കൽ ആക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പലതവണ വിഷയം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. കേന്ദ്രമന്ത്രിയുമായി കേരള എം.പിമാരുടെ യോഗമുണ്ടായിരുന്നു. അതിലും വിഷയം ഗൗരവത്തോടെ അവതരിപ്പിച്ചിരുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടുപോകും.
ശ്രമം തുടരുന്നു -തോമസ് ചാഴികാടൻ എം.പി
തൃപ്പൂണിത്തുറ ബൈപാസിനായി നിലവിൽ ഏറ്റെടുത്ത സ്ഥലം പുതിയ പദ്ധതിയായ അങ്കമാലി-കുണ്ടന്നൂർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പാർലമന്റെിൽ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയോട് നേരിട്ടും വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ, അലൈൻമന്റെ് മറ്റൊരു രീതിയിൽ അംഗീകരിച്ചുപോയെന്ന മറുപടിയാണ് അന്ന് ലഭിച്ചത്. ഇരുന്നൂറിലധികം ആളുകളുടെ ഭൂമി മൂന്ന് പതിറ്റാണ്ടിലധികമായി മരവിപ്പിച്ച നിലയിലാണ്. സ്പർ കണക്ടിവിറ്റി എന്നൊരു പദ്ധതി ദേശീയപാത അതോറിറ്റിക്കുണ്ട്. ഇവിടുത്തെ ജനങ്ങളെ സഹായിക്കാൻ ചെറിയ ബൈപാസായി റോഡ് നിർമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അവർ പരിശോധിക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. പാർലമെന്റിലും ദേശീയപാത വിഭാഗത്തിലുമടക്കം ശ്രമം തുടരുകയാണ്.
തൃപ്പൂണിത്തുറ ബൈപാസിന് നാഥനില്ലാത്ത അവസ്ഥ-ഏലിയാസ് അമ്പാട്ടുമാലാൽ (തൃപ്പൂണിത്തുറ ബൈപാസ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ്)
34 വർഷമായി മറ്റക്കുഴി മുതൽ തിരുവാങ്കുളം വരെ ജനങ്ങളെ ദുരിതത്തിലാക്കിയ പദ്ധതിയാണ് തൃപ്പുണിത്തുറ ബൈപാസ്. എട്ടുകോടി കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ഇപ്പോൾ തങ്ങളുടെ പദ്ധതിയല്ലെന്നാണ് ദേശീയപാത ഉദ്യോഗസ്ഥർ പ റയുന്നത്. കേരള സർക്കാറിന്റേതാണെന്നും അവർ വിശദീകരിക്കുന്നു. കേരള സർക്കാർ തിരിച്ചും അഭിപ്രായപ്പെടുന്നു. അതായത് തൃപ്പൂണിത്തുറ ബൈപാസിന് നാഥനില്ലാത്ത അവസ്ഥയാണ്. നിലവിലെ കൊച്ചി-തേനി ദേശീയ പാതയിൽ പാലച്ചുവട് മുതൽ മറ്റക്കുഴി വരെ യാത്ര വളരെ അപകടം നിറഞ്ഞതാണ്. ശാസ്താമുകളിൽ 150 മീറ്ററോളം ഇരുവശവും ആഴമുള്ള കരിങ്കൽ ക്വാറിയുടെ ഇടയിലൂടെ യാത്ര അപകടം നിറഞ്ഞതാണ്. ശാസ്തമുഗൾ മുതൽ മറ്റക്കുഴി വരെ കൊടും വളവുകളുമുണ്ട്. ഈ പ്രദേശത്ത് അനേകം അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമായിട്ടാണ് തൃപ്പൂണിത്തുറ ബൈപാസ് പദ്ധതി വന്നത്. എന്നാൽ, ഇപ്പോഴും അത് ചുവപ്പുനാടയിൽ കിടക്കുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.
ഭൂമി അടിയന്തരമായി സർക്കാർ ഏറ്റെടുക്കണം -അനൂപ് ജേക്കബ് എം.എൽ.എ
നോട്ടിഫൈ ചെയ്ത ഭൂമി അടിയന്തരമായി സർക്കാർ ഏറ്റെടുക്കണം. കാലതാമസം വന്നതിനാൽ അതിന് അനുസരിച്ചാകണം നഷ്ടപരിഹാരം. മന്ത്രിയുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നെങ്കിലും പ്രശ്നപരിഹരമായിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റണം. (അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.