കൊച്ചി: ജില്ലയിലെ ജലക്ഷാമം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസമായി ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ വരൾച്ചസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ കാലവര്‍ഷത്തില്‍ 42 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മിതമായ വരള്ച്ചസാധ്യതയാണ് നിലനില്‍ക്കുന്നത്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകള്‍ വഴി ജലമെത്തിക്കും. ഗുണമേന്മ ഉറപ്പാക്കിയ ശേഷമേ ഇത്തരത്തില്‍ ജലവിതരണം നടത്താവൂ. ഇടുങ്ങിയ വഴികളുള്ള പ്രദേശങ്ങളിൽ ചെറിയ ടാങ്കർ വാഹനങ്ങളുടെ സേവനം ഉറപ്പാക്കും.
ജൽജീവൻ മിഷൻ വഴി നടക്കുന്ന പദ്ധതികൾ വേഗത്തിലാക്കാനും നിലവിൽ നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളില്‍നിന്ന് പെരിയാർവാലി, മൂവാറ്റുപുഴ വാലി കനാലുകളിലേക്ക് ജലമൊഴുക്കും. ആവശ്യമായ ഇടങ്ങളില്‍ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്ന സ്ഥിതി ഒഴിവാക്കും. ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വൈദ്യുതി തടസ്സം മൂലം പമ്പിങ് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. ഓരു വെള്ളം കയറുന്നത് തടയാൻ താൽക്കാലിക ബണ്ടുകൾ നിർമിക്കേണ്ട സ്ഥലങ്ങളിൽ എത്രയും വേഗം അവ ക്രമീകരിക്കാൻ ജലസേചന വകുപ്പിന് നിർദേശം നൽകി. എം.എല്‍.എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, ടി.ജെ. വിനോദ്, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാന്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. ഉഷ ബിന്ദുമോള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി.എം. ഷഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.