മട്ടാഞ്ചേരി: തോപ്പുംപടി ഹാർബർ പാലത്തിലൂടെ ഇരുചക്ര വാഹനയാത്ര മാത്രമാക്കാൻ ഭരണതലത്തിൽ ആലോചന. പാലത്തിന്റെ സ്പാനുകളിൽ ചിലത് ദ്രവിക്കുകയും അപകടാവസ്ഥയിലാണെന്ന് ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് താൽക്കാലിക സംവിധാനമായി യാത്ര നിയന്ത്രണമൊരുക്കാൻ ഉദ്ദേശിക്കുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ് പൊതുമരാമത്ത്, ജല അതോറിറ്റി അധികൃതർക്ക് നോട്ടീസ് നല്കിയിരുന്നു.
കൊച്ചിയുടെ ശിൽപിയായി വിശേഷിപ്പിക്കുന്ന സർ റോബർട്ട് ബ്രിസ്റ്റോ 1937ൽ പണിത പാലം ഒരു കാലത്ത് സംസ്ഥാന ഹൈവേയുടെ ഭാഗമായിരുന്നു. വർഷാവർഷം അറ്റകുറ്റപ്പണിയും പെയിന്റിങ്ങുകളും നടത്തി കൊച്ചി തുറമുഖ ട്രസ്റ്റ് പാലം സംരക്ഷിച്ചു പോന്നു.
എന്നാൽ, പാലം പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെ ഇത്തരം നടപടികൾ പേരിന് മാത്രമായി. സ്പാനുകളുടെ നിലവിലെ സ്ഥിതി ആശങ്കജനകമല്ലെന്ന് പരിശോധനക്ക് ശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതർ വിശദമാക്കിയെങ്കിലും നവ മാധ്യമങ്ങളിൽ ദ്രവിച്ച സ്പാനുകളുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് പൊതുജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് ഭരണാനുമതിയും ഫണ്ടും അനുവദിക്കാനുള്ള കാലതാമസം കൂടി കണക്കിലെടുത്താണ് യാത്ര നിയന്ത്രണ ശ്രമം.
നിലവിലെ സാഹചര്യത്തിൽ വാഹന നിയന്ത്രണം തോപ്പുംപടി മേഖലയിൽ ഏറെ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാൽ ബദൽ ക്രമീകരണങ്ങളും ആലോചിക്കുന്നുണ്ട്. ഓണക്കാലത്തും തുടർന്നുള്ള വിനോദ സഞ്ചാര സീസണിലും നിയന്ത്രണങ്ങൾ വൻ ഗതാഗത തടസ്സത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.