കൊച്ചി: ഒരു പതിറ്റാണ്ടിനിടെ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് കുട്ടികൾക്കെതിരായ മൂന്നൂറോളം അതിക്രമങ്ങൾ. കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴിയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ 2013 ആഗസ്റ്റ് 23നാണ് കുടുംബശ്രീക്ക് കീഴിൽ കാക്കനാട് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. 11 വർഷം പിന്നിടുമ്പോൾ കുട്ടികൾക്കെതിരായ 298 അതിക്രമങ്ങളാണ് സ്നേഹിത കൈകാര്യം ചെയ്തത്. ഇതിന് പുറമേ നേരിട്ട് ശിശുക്ഷേമ സമിതിയിലും പൊലീസിലും എത്തുന്ന കേസുകൾ കൂടിയാകുമ്പോൾ അതിക്രമ കേസുകളുടെ എണ്ണമിനിയും വർധിക്കും.
കൂടുതൽ 2014-’15ൽ, കുറവ് 2019-’20ൽ
കുട്ടികൾക്കെതിരൊയ അതിക്രമം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2014-’15ലാണ്.59 കേസ്. എന്നാൽ 2019-’20ൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഈ വർഷം ഇത് വരെ 10 കേസാണ് സ്നേഹിതയിലെത്തിയത്. 11 വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. സ്നേഹിത പ്രവർത്തനം ആരംഭിച്ച പ്രഥമ വർഷമായ 2013-’14 ൽ 24 കേസുകളാണെത്തിയത്. തൊട്ടടുത്ത വർഷങ്ങളിൽ ഇത് യഥാക്രമം 59, 49, 34, 44, 20, 0, 29, 7, 22, 10 എന്നിങ്ങനെയാണെത്തിയത്.
പോക്സോ പരിധിയിൽ വരാത്ത കുട്ടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ‘സ്നേഹിത’ കൈകാര്യം ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ ഇത്തരം 348 കേസാണ് ഇവരുടെ മുന്നിലെത്തിയത്. ഇതിൽ പഠന വൈകല്യം, കൗമാര പ്രശ്നങ്ങൾ, ലഹരിയധിഷ്ഠിത പ്രശ്നങ്ങൾ എല്ലാം ഉൾപ്പെടുന്നു. ഇത്തരം വൈകല്യങ്ങൾ നേരിടുന്നവർക്ക് നേരിട്ടും ഫോൺ വഴിയുമുളള കൗൺസലിങ്ങും ആവശ്യമെങ്കിൽ വൈദ്യ സഹായവും നൽകി വരുന്നു. അന്തർ സംസ്ഥാനക്കാരുടെ കടന്ന് വരവോടെ ഇവരുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.