കൊച്ചി/പറവൂർ/ ചെറായി: വിഷുവിന് ഇനി രണ്ടുനാൾ മാത്രം അവശേഷിക്കേ വിപണിയിൽ തിരക്കേറുന്നു. ലോക്ഡൗണിൽ മുങ്ങിപ്പോയതിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷിക്കാനാകാത്തവരെല്ലാം ഇത്തവണ വിഷുവിനെ കാത്തിരിക്കുകയാണ്. പടക്കവിപണിയിലും വസ്ത്രവിപണിയിലുമെല്ലാം ഉണർവ് പ്രകടമാണ്. കഴിഞ്ഞ വർഷം നഷ്ടമായ കച്ചവടം ഇത്തവണ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് പടക്ക കച്ചവടക്കാർ ഉൾപ്പെടെയുള്ള വ്യാപാരികൾ.
കൊറോണ എന്ന വിളിപ്പേരുള്ള ഇന്ത്യൻ ഡിലൈറ്റ് എന്ന 30 പൊട്ടലുകൾ സമ്മാനിക്കുന്ന പടക്കമാണ് ഇത്തവണത്തെ സ്പെഷൽ. 30 തവണ പൊട്ടുന്ന ഇവക്ക് 400 രൂപ വിലയുണ്ട്.
തീകൊടുത്താൽ വായുവിൽ ഡ്രോൺപോലെ പൊങ്ങിപ്പറക്കുന്ന ഡ്രോൺ പടക്കത്തിനും ആവശ്യക്കാരേറെ. കുട്ടനാടൻ താറാവെന്നറിയപ്പെടുന്ന പടക്ക പാക്കറ്റിൽനിന്ന് മൂന്ന് പൂക്കുറ്റികൾവരെ കത്തിയുയരും. പ്രത്യേക വിസിൽ നാദമുള്ള പലനിറത്തിൽ വിരിയുന്ന മേശപ്പൂ, അഞ്ചു നിറങ്ങളിൽ കത്തുന്ന കമ്പിത്തിരി, അരമീറ്റർ നീളമുള്ള കമ്പിത്തിരി തുടങ്ങിയവയെല്ലാം പടക്കങ്ങളിൽ ഹിറ്റാണ്. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങളും ഏറെ വിറ്റുപോകുന്നുണ്ട്.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ് ഭീതിയിൽ വലിയ തോതിൽ സ്റ്റോക്കെടുത്തിട്ടില്ല വ്യാപാരികൾ. കുട്ടികൾക്ക് സമ്മാനമായി നൽകാനുള്ള പെട്ടിയായും പടക്കങ്ങൾ പ്രത്യേകം എത്തുന്നുണ്ട്. 190 മുതൽ 690 രൂപവരെ വിലയുള്ള പെട്ടികൾ ലഭ്യമാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും പടക്ക വിപണി ഉണർന്നിരുന്നു. സ്ഥാനാർഥികളുടെ പര്യടനത്തിനും നേതാക്കളുടെ സ്വീകരണത്തിനുമായി പടക്കം ഒരു ആകർഷക ഘടകമായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപണി സജീവമായെന്നും കച്ചവടക്കാർ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെ വിപണി ഉണർന്നിരിക്കും.
വസ്ത്രവിൽപനയും സജീവമാണ്. നഗരത്തിലെ വൻകിട വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ മാത്രമല്ല, ബ്രോഡ്വേയിലെ വഴിയോരങ്ങളിലും തിരക്കേറി. കസവുമുണ്ടും ഷർട്ടും പട്ടുപാവാടയും ബ്ലൗസും പട്ടുസാരിയും കേരള സാരിയുമെല്ലാമാണ് വിഷുവിപണിയിലെ ഉടയാടകളിൽ താരമാകുന്നത്.
ജില്ലയിൽ തന്നെ ഏറ്റവുമധികം പടക്കനിർമാണ കേന്ദ്രങ്ങളും വിപണിയും ഉള്ളത് പറവൂർ മേഖലയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് പടക്കവും മറ്റ് ഉൽപന്നങ്ങളും വാങ്ങുന്നതിനായി പറവൂരിലെ പടക്ക കടകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പറവൂരിന് പുറമെ കരുമാല്ലൂർ, ആനച്ചാൽ, തട്ടാംപടി എന്നിവിടങ്ങളിലും വിഷു ആഘോഷം മുന്നിൽക്കണ്ട് പടക്കവിപണി തുറന്നിട്ടുണ്ട്.
നിരവധി പടക്ക വ്യാപാര കേന്ദ്രങ്ങളുള്ള പള്ളിപ്പുറം ജില്ലയിലെ ശിവകാശി എന്നാണ് അറിയപ്പെടുന്നത്. വ്യാപാരശാലകള്‍ കൂടുതലുള്ളതിനാല്‍ വില്പനയില് കടുത്ത മത്സരമാണ്. ഇതുമൂലം ഉപയോക്താക്കള്‍ക്ക് വിലക്കുറവില്‍ പടക്കങ്ങള്‍ ലഭിക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകത. വിഷു സീസണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കടകള്‍ കൂടാതെ വര്‍ഷത്തില്‍ മുഴുവന്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിരം കടകളും പള്ളിപ്പുറത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.