കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണം പൂർത്തീകരിക്കാൻ വൈകുന്നതിലൂടെ സംസ്ഥാന സർക്കാറിന് അദാനി ഗ്രൂപ് നൽകേണ്ട പിഴ 64.92 കോടി രൂപ. 2021 ഡിസംബർ മൂന്ന് വരെയുള്ള കണക്കുപ്രകാരമാണിത്. പദ്ധതിക്ക് ഇതുവരെ സർക്കാർ 1252 കോടിയാണ് മുടക്കിയത്. 2015 ആഗസ്റ്റ് 17ന് അദാനി ഗ്രൂപ്പുമായി സർക്കാർ കരാർ ഒപ്പുവെച്ച വിഴിഞ്ഞം തുറമുഖ നിർമാണം ഡിസംബർ അഞ്ചിന് ആരംഭിച്ചിരുന്നു. കരാർ പ്രകാരം ഒന്നാംഘട്ട നിർമാണം 1460 പ്രവൃത്തിദിവസത്തിനുള്ളിലാണ് തീർക്കേണ്ടിയിരുന്നത്. 2019 ഡിസംബർ മൂന്നിന് ഈ കാലാവധി അവസാനിച്ചു. എന്നാൽ, ഇതുവരെ പല നിർമാണജോലിയും പാതിവഴിയിലാണെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ തുറമുഖ വകുപ്പ് വ്യക്തമാക്കുന്നു.
പണി പൂർത്തിയാകാത്തതിനാൽ 2019 ഡിസംബർ മൂന്നിനുശേഷം 270 ദിവസംകൂടി നീട്ടിനൽകിയിരുന്നു. ഈ കാലയളവിലെ 90 ദിവസം പിഴയീടാക്കില്ലെന്നും വീണ്ടും നീണ്ടുപോയാൽ ബാക്കിയുള്ള 180 ദിവസത്തേക്ക് പെർഫോമൻസ് െസക്യൂരിറ്റിയുടെ 0.1 ശതമാനമായ 12 ലക്ഷം രൂപ പ്രതിദിനം പിഴയീടാക്കുമെന്നുമായിരുന്നു വ്യവസ്ഥ.
കോവിഡ് ലോക്ഡൗൺ കാരണം നഷ്ടമായ 34 തൊഴിൽ ദിനംകൂടി അധികമായി അനുവദിച്ചിട്ടും പണി അവസാനിച്ചിട്ടില്ല. പിഴ ഈടാക്കാൻ സർക്കാർ നോട്ടീസ് നൽകിയെങ്കിലും അദാനി ഗ്രൂപ് ആർബിട്രേഷൻ ൈട്രബ്യൂണലിനെ സമീപിച്ചതോടെ തുടർനടപടി സ്വീകരിക്കാനായിട്ടില്ല. വിഷയം ൈട്രബ്യൂണലിെൻറ പരിഗണനയിലായതിനാൽ അദാനി ഗ്രൂപ് ചെലവഴിച്ച തുകയുടെ കണക്ക് ലഭ്യമാക്കാനാകില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.