കൊച്ചി: നഗരത്തിലെ റോഡുകളിൽനിന്ന് മഴവെള്ളം കാനയിലേക്ക് സുഗമമായി ഒഴുകിപ്പോകും വിധം കാനകളും ഓവുകളും തുടർച്ചയായി വൃത്തിയാക്കണമെന്ന് ഹൈകോടതി.വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന ചെടികളും മറ്റും നീക്കുകയും കാനകളിലേക്കും കനാലുകളിലേക്കും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുകയും വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളിലാണ് നിർദേശം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വിഷയം ഹൈകോടതി അടിയന്തരമായി പരിഗണനക്കെടുത്തിരുന്നു.
നടപടിക്കും നിർദേശിച്ചു. നഗരസഭയുടെയും ജില്ല ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നിരത്തുകളിൽനിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ തടസ്സങ്ങൾ നീക്കിയതായി അധികൃതർ കോടതിയെ അറിയിച്ചു.
വ്യാഴാഴ്ചത്തെ കനത്ത മഴയിലും നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നത് ചൂണ്ടിക്കാട്ടിയ കോടതി ഒഴുക്ക് തടസ്സപ്പെടുന്നതാണ് പ്രശ്നമെന്ന് വിലയിരുത്തി. തുടർന്നാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി വേണമെന്ന് നിർദേശിച്ചത്. നഗരസഭ മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിനൊപ്പം വെള്ളമൊഴുകിപ്പോകാനുള്ള ഓവുകൾക്ക് മുകളിൽ ഇരുമ്പഴി മൂടികൾ സ്ഥാപിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി പൊലീസ് നടപടിയെടുക്കണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം വേണം.
കക്കൂസ് മാലിന്യം റോഡിലൊഴുക്കുന്നവർക്കെതിരെയും വാഹനങ്ങൾക്കെതിരെയും കലക്ടറും പൊലീസ് കമീഷണറും ബന്ധപ്പെട്ട മറ്റ് അധികൃതരും കർശനനടപടി സ്വീകരിക്കണം. എല്ലാ പ്രവർത്തനങ്ങൾക്കും ജില്ല കലക്ടറുടെ മേൽനോട്ടം ഉണ്ടാകണം. ഇക്കാര്യങ്ങളിൽ കോടതിയുടെ നിരീക്ഷണവും ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
മുല്ലശ്ശേരി കനാൽ നവീകരണത്തിന്റെ ഭാഗമായി ഇതിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നീക്കാൻ 2.54 കോടി രൂപ കൂടി അനുവദിച്ചതായും ആഗസ്റ്റ് ആറിന് ടെൻഡർ പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു. ആഗസ്റ്റ് 18 നകം നടപടികൾ പൂർത്തിയാക്കി കരാർ നൽകുമെന്നും വ്യക്തമാക്കി. തുടർന്ന് പൊലീസ് കമീഷണറെ കക്ഷിചേർത്ത കോടതി ഹരജി വീണ്ടും ആഗസ്റ്റ് 17ന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.