കൊച്ചി: പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട റൂട്ടുകളിൽ വാട്ടർമെട്രോയുടെ കമേഴ്സ്യൽ സർവിസ് ഞായറാഴ്ച ആരംഭിക്കും.
സൗത്ത് ചിറ്റൂരിൽനിന്ന് ഏലൂർവഴി ചേരാനല്ലൂരിലേക്ക് രാവിലെ 10, 11.30, ഉച്ചക്ക് 01.15, 02.45, വൈകീട്ട് 04.15 എന്നീ സമയങ്ങളിൽ ബോട്ട് പുറപ്പെടും. ഹൈകോർട്ടുനിന്ന് ബോൾഗാട്ടിവഴി സൗത്ത് ചിറ്റൂരിലേക്ക് രാവിലെ 7.45, ഒമ്പത്, വൈകീട്ട് 5.20, 06.45 എന്നിങ്ങനെയാണ് ബോട്ടുകൾ പുറപ്പെടുന്ന സമയം.
മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാല് പുതിയ ടെർമിനലുകൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതുവരെ ഒമ്പത് വാട്ടർമെട്രോ ടെർമിനലുകളാണ് യാഥാർഥ്യമായിട്ടുള്ളത്. ഹൈകോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽനിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.