കൊച്ചി: കൊച്ചി ജല മെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഹൈകോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവിസ് ഉടൻ ആരംഭിക്കും. രാവിലെയും ഉച്ചക്കും വൈകീട്ടും ഓരോ സർവിസ് വീതം ആരംഭിക്കാൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
കൊച്ചിൻ ഷിപ്യാർഡിൽനിന്ന് നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവിസ് ആരംഭിക്കുകയും ചെയ്യും. ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകാൻ കൊച്ചിൻ ഷിപ്യാർഡ് ചീഫ് മാനേജിങ് ഡയറക്ടറുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള പദ്ധതികളും അവലോകനം ചെയ്തു.
നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷ്യേറ്റിവിന്റെ ഭാഗമായി നഗരത്തിൽ പുരോഗമിക്കുന്ന നടപ്പാത, മീഡിയനുകളുടെ നിർമാണത്തിൽ കെ.എം.ആർ.എൽ നേരിടുന്ന വെല്ലുവിളികൾ ചർച്ചയായി.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി 2026 മാർച്ചിൽ നിർമാണം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു. ഫീഡർ സർവിസുകൾക്കായി കെ.എം.ആർ.എൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് ബസുകൾ മെട്രോ സ്റ്റേഷനുകളിൽനിന്ന് സർവിസ് നടത്താൻ ഗതാഗത വകുപ്പുമായി സംസാരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.