കൊച്ചി: നഗരത്തിലെ പാതയോരങ്ങളിലെയടക്കം മാലിന്യം തള്ളൽ തടയാൻ അധികൃതർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. വെള്ളക്കെട്ട് നീക്കുന്ന സക്ഷൻ കം ജെറ്റിങ് മെഷീനടങ്ങുന്ന 13 വാഹനങ്ങളുണ്ടായിട്ടും നഗരത്തിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കൊച്ചി കോർപറേഷനോട് ആരാഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. ഒരു വാഹനം മാത്രമാണ് പ്രവർത്തനക്ഷമമെന്നും ബാക്കിയുള്ളവ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണെന്നുമായിരുന്നു കോർപറേഷന്റെ മറുപടി. വാഹനങ്ങളുടെ സുഗമമമായ പ്രവർത്തനത്തിന് ചുമതലപ്പെടുത്തിയ മെക്കാനിക്കൽ എൻജിനീയർ ഉണ്ടായിട്ടും ഇതാണോ അവസ്ഥയെന്നും ഖജനാവിലെ പണം പാഴാക്കുകയാണോയെന്നും കോടതി ചോദിച്ചു.
താമസകേന്ദ്രങ്ങളിലെ മലിനജലം പേരണ്ടൂർ കനാലിലെത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്ന അപ്പാർട്ട്മെന്റുകളുടെയും മറ്റും വൈദ്യുതി വിച്ഛേദിക്കുന്നതടക്കം നടപടികൾ ആലോചിക്കണം. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ നൽകാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഈ ആപ് ജനങ്ങൾക്ക് പരിചയപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.