ഫോർട്ട്കൊച്ചി: താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൈവണ്ടിത്തൊഴിലാളിയുടെ ഒറ്റയാൾ സമരം. റോഡിലെ കുഴികൾ ഇരുചക്രവാഹന യാത്രികർക്കും കൈവണ്ടി വലിക്കുന്ന തൊഴിലാളികൾക്കും ദുരിതമായതോടെയാണ് മട്ടാഞ്ചേരി ബസാറിലെ ഏറ്റവും മുതിർന്ന കൈവണ്ടിത്തൊഴിലാളി ഉമ്മർ റോഡിലെ കുഴിയിൽ കുത്തിയിരുന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധ സമരം നടത്തിയത്.
അധികാരികളോട് റോഡിന്റെ ദുരവസ്ഥ അറിയിച്ചപ്പോൾ ഇപ്പോൾ ഫണ്ടില്ലെന്ന നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്ന് ഉമ്മർ പറഞ്ഞു. ഇതേതുടർന്നാണ് അധികൃതർക്ക് കുഴിയടക്കാനുള്ള പണം ഒപ്പിച്ചുനൽകാൻ ഒറ്റയാൾ സമരം നടത്തിയത്. ബസാറിൽനിന്ന് ചരക്കുമായി പോവുകയായിരുന്ന ഉമ്മറിന്റെ കൈവണ്ടിയും കഴിഞ്ഞ ദിവസം കുഴിയിൽ ചാടി അരിച്ചാക്കുകൾ തെറിച്ചുപോയിരുന്നു. കഴിഞ്ഞയാഴ്ച സ്കൂട്ടറിൽ മകനുമൊത്ത് ആശുപത്രിയിലേക്ക് വരുകയായിരുന്ന യുവതിക്കും പരിക്കേറ്റിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികളടക്കം നിരവധിപേർ ഉമ്മറിന് പിന്തുണയുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.