കൊച്ചി: യാക്കോബായ സഭയിലെ വിദ്യാഭ്യാസ ട്രസ്റ്റിനെച്ചൊല്ലി വിവാദം പുകയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി രൂപവത്കരിച്ച ജേക്കബൈറ്റ് സിറിയൻ ക്രിസ്ത്യൻ എജുക്കേഷൻ ട്രസ്റ്റിനെച്ചൊല്ലിയാണ് വിവാദം. സഭയെ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റും പിടിച്ചെടുക്കാൻ വ്യക്തികൾ ശ്രമിക്കുന്നുവെന്നാണ് ആരോപണം. 1996 ഫെബ്രുവരി 19നാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. പിറവം ബി.പി.സി കോളജ്, മലേക്കുരിശ് ബി.എഡ് കോളജ് എന്നിവയാണ് അക്കാലത്ത് ട്രസ്റ്റിന് കീഴിലുണ്ടായിരുന്നത്. ’96ൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗത്തിൽ കാതോലിക്ക ബാവയെ ട്രസ്റ്റ് ചെയർമാനായും ഷെവ. ടി.യു. കുരുവിളയെ സെക്രട്ടറിയായും കമാൻഡർ കെ.എ. തോമസിനെ ട്രഷററായും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ മാനേജറായും തെരഞ്ഞെടുത്തിരുന്നു. ഇതിനുശേഷം ചേലാട് ഡെന്റൽ കോളജ്, പിറവം ബി.പി.എസ് കോളജ്, പുത്തൻകുരിശ് സെന്റ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ കൂടി ട്രസ്റ്റിന് കീഴിൽ ആരംഭിച്ചു. സഭക്ക് 51 ശതമാനം ഓഹരികളും സഭാ വിശ്വാസികൾക്ക് 49 ശതമാനം ഓഹരികളുമാണ് ട്രസ്റ്റിൽ നിർണയിച്ചത്.
ഇതനുസരിച്ച് അംഗത്വം എ, ബി, സി എന്ന മൂന്ന് വിഭാഗമായി തിരിച്ചു. ഒരു ലക്ഷം രൂപ ഓഹരി നൽകുന്ന 100 പേരെ എ ക്ലാസ് അംഗങ്ങളാക്കി. വർഷങ്ങളായി ട്രസ്റ്റിന്റെ പൊതുയോഗം വിളിച്ചു ചേർത്തിട്ടില്ലെന്നിരിക്കെ ഏകപക്ഷീയമായി 35 പേർക്ക് കൂടി എ ക്ലാസ് അംഗത്വം നൽകിയതാണ് പുതിയ വിവാദം. നിലവിലെ സഭാ ഭാരവാഹികൾ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ട്രസ്റ്റ് നേതൃത്വം അവഗണിച്ചു. സഭക്ക് കീഴിലുണ്ടായിരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം വ്യക്തികൾ കൈവശപ്പെടുത്തിയതുപോലെ ട്രസ്റ്റും വ്യക്തികൾ കൈവശപ്പെടുത്തുകയാണെന്നാണ് എതിർപക്ഷത്തുള്ളവരുടെ ആരോപണം.
ട്രസ്റ്റ് ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമാണെന്ന് ഭരണഘടന പറയുന്നുണ്ടെങ്കിലും 2000ത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 23 വർഷമായി തുടരുന്നത് നിയമവിരുദ്ധമാണെന്നും അവർ പറയുന്നു. ഇതിനിടെയാണ് പുതിയ ഓഹരി അംഗങ്ങളെ ചേർത്തതടക്കം ക്രമവത്കരിക്കുന്നതിനായി ഈ മാസം 26ന് ട്രസ്റ്റ് പൊതുയോഗം വിളിച്ചത്. വിവാദം മൂത്തതോടെ ഇത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കാതോലിക്ക ബാവയും മെത്രാപ്പോലീത്തൻ ട്രസ്റ്റിയും ട്രസ്റ്റ് നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, പ്രതിവർഷം കോടികൾ വരുമാനമുള്ള ട്രസ്റ്റിന്റെ കണക്കുകൾ കൃത്യമായി അവതരിപ്പിക്കാറില്ലെന്ന ആക്ഷേപവും ശക്തമാണ്.
കാര്യങ്ങൾ നിയമപരം -ഷെവ. ടി.യു. കുരുവിള
കൊച്ചി: വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട് നടന്ന എല്ലാ കാര്യങ്ങളും നിയമപരമാണെന്ന് ജേക്കബൈറ്റ് സിറിയൻ എജുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷെവ. ടി.യു. കുരുവിള. തനിക്കെതിരെ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് അദ്ദേഹം ‘മാധ്യമ’ ത്തോട് പറഞ്ഞു. ട്രസ്റ്റിൽ പുതിയ ഓഹരിയുടമകളെ ചേർത്തതടക്കം കാര്യങ്ങൾ ഭരണ സമിതിയുടെ അംഗീകാരത്തോടെയാണ്. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ 26ന് തീരുമാനിച്ച ട്രസ്റ്റ് പൊതുയോഗം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.