കൊച്ചി: ലഹരിമരുന്നായ ബുപ്രിനോർഫിൻ ഗുളികകളും ഇവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പാർശ്വഫലം തടയുന്നതിനായുള്ള മറുമരുന്നുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ആലുവ ചൂർണിക്കര തായിക്കാട്ടുകര സ്വദേശി മൻസീൽ വീട്ടിൽ മൻസൂർ (31), ആലുവ യു.സി കോളജ് ദേശം സ്വദേശി കാരായികുടം വീട്ടിൽ അനൂപ് (34) എന്നിവരാണ് 10 ബുപ്രിനോർഫിൻ ടാബ്ലറ്റുകളും 72 ആംപ്യൂളുകളുമായി പിടിയിലായത്.
ബുപ്രിനോർഫിൻ പൊടിച്ച് കലക്കി കുത്തിവെക്കുമ്പോഴുണ്ടാകുന്ന ഛർദിൽ തടയുന്നതിനായി ഉപയോഗിക്കുന്ന ആംപ്യൂളുകളുമായി നിൽക്കുകയായിരുന്ന അനൂപാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് ലഹരി ഉപയോഗിക്കുമ്പോൾ ഛർദിൽ വരാതിരിക്കാൻ ഉപയോഗിക്കുന്നവയാണിവയെന്നും ആലുവയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൻസൂറിൽനിന്ന് ലഹരിമരുന്ന് കൈപ്പറ്റി ഇത് കൈമാറുകയാണെന്നും വ്യക്തമായി.തുടർന്ന് അനൂപിനെ അന്വേഷിച്ച് ലഹരിമരുന്ന് കൈമാറ്റത്തിനെത്തിയ മൻസൂറിനെയും എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അൻവർ സാദത്തും സ്പെഷൽ ആൻറി നാർകോട്ടിക് ഗ്രൂപ് അംഗങ്ങളുമാണ് പ്രതികളെ വലയിലാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ പി.ജെ. റോബിൻ ബാബു, കെ.ആർ. രാം പ്രസാദ്, എം. റെനി, അനസ്, സിസ്ഥാർഥ്, ദീപു തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.