കൊച്ചി: കെ.ആർ. ഗൗരിയമ്മ ജനിച്ചത് ആലപ്പുഴയിലാണെങ്കിലും അവരുടെ സാമൂഹിക-രാഷ്്ട്രീയ വീക്ഷണത്തിെൻറ പാഠശാല കൊച്ചിയായിരുന്നു. ഇൻറർമീഡിയറ്റ് മുതൽ ബി.എ വരെയുള്ള അഞ്ചുവർഷം സാമൂഹികമായ അസമത്വത്തെക്കുറിച്ച് തിരിച്ചറിവുണ്ടായ കാലമാണ്. ഇക്കാലത്ത് ഗൗരിയമ്മയുടെ ജീവിതം ചിറ്റൂർ റോഡിലെ കൃഷ്ണനായർ സ്റ്റുഡിയോയുടെ എതിർവശം എസ്.എൻ.വി സദനത്തിലായിരുന്നു.
അക്കാലത്ത് തിരുവിതാംകൂറിൽ പെൺകുട്ടികൾക്ക് പഠിക്കാൻ തിരുവനന്തപുരത്തേ കോളജ് ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് എറണാകുളം മഹാരാജാസിൽ ഇൻറർമീഡിയറ്റിന് എത്തിയത്. സദനം ഒഴികെ മറ്റ് ഹോസ്റ്റുകളിൽ ജാതി അടിസ്ഥാനമാക്കിയാണ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. സവർണരൊഴികെ എല്ലാം ജാതിയിലെയും പെൺകുട്ടികൾ സദനത്തിലെത്തി. പുലയ സമുദായത്തിലെ രണ്ട് കുട്ടികളും സദനത്തിലുണ്ടായിരുന്നു.
സാമുദായിക വേർതിരിവോ വിദ്വേഷമോ ഇല്ലാത്ത ഹോസ്റ്റലായിരുന്നു സദനം. അവിടെ വിദ്യാർഥികളുടെ പൊതുവിജ്ഞാനം വളർത്താൻ ലിറ്ററി അസോസിയേഷൻ തുടങ്ങിയിരുന്നു. ഇത് വിവിധ ചിന്തകളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച് അറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി. തൊട്ടുകൂടായ്മയും ജാതി വിവേചനവും രോഗങ്ങളാണെന്ന് പ്രസംഗിച്ച കെ.പി. കറുപ്പൻ മാസ്റ്ററുടെയും എം.സി. ജോസഫിെൻറയും ആശയങ്ങൾ ഇതുവഴിയാണ് സദനത്തിലെത്തിയത്. അവർ സാമൂഹിക വ്യവസ്ഥ പുനർനിർമിക്കണമെന്ന ആശയമാണ് മുന്നോട്ടുവെച്ചത്.
അക്കാലത്ത് തൃപ്പൂണിത്തുറ, കോട്ടയ്ക്കകം റോഡുകൾ തുടങ്ങിയ പലയിടത്തും കീഴ്ജാതിക്കാർ പ്രവേശനമുണ്ടായിരുന്നില്ല.
അതിനെതിരായ സഹോദരപ്രസ്ഥാനത്തിെൻറ ആശങ്ങളാണ് സദനത്തിലെ വിദ്യാർഥികൾ ചർച്ചചെയ്തത്. കോളജിൽ ചരിത്രമായിരുന്നു പ്രധാന വിഷയം. ഗൗരിയമ്മ ഇന്ത്യ ചരിത്രവും പ്രാചീന ചരിത്രവും പഠിച്ചു.
അക്കാലത്ത് കുട്ടികൾക്ക് വിദ്യാർഥി സംഘടനകളുണ്ടായിരുന്നില്ല. കുട്ടികളുടെ പഠനേതര പരിപാടി മൂട്ട്് ക്ലബ് ആയിരുന്നു. മാസത്തിലൊരിക്കൽ പ്രധാന വിഷയത്തെക്കുറിച്ച് വാദപ്രതിവാദം നടത്തി. ഡോ. എസ്. രാധാകൃഷ്ണനും ഈ ക്ലബിൽ ഒരിക്കലെത്തി പ്രസംഗിച്ചു.
ഇക്കാലത്ത് സദനത്തിൽ മോഷണത്തിനെത്തിയ കള്ളനെ വിരട്ടിയോടിക്കാനും ഗൗരിയമ്മക്ക് കഴിഞ്ഞു. ഇരുണ്ട വെളിച്ചത്തിൽ കള്ളനോട് 'ആരാടാ'യെന്ന് ഉറക്കെ ചോദിച്ചതോടെ അയാൾ ഓടി രക്ഷപ്പെട്ടെങ്കിലും സംഭവം എല്ലാവരും അറിഞ്ഞു. അതോടെ അടുത്ത തിയ്യ ഹോസ്റ്റലിലെ കുട്ടികൾ സംഘമായി വന്ന് ഗൗരിയമ്മയെ അനുമോദിച്ചു.
ഇൻറർമീഡിയറ്റിന് പഠിക്കുമ്പോൾ ഗൗരിയമ്മ ഇംഗ്ലീഷിന് മോശമായിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ് രണ്ടാംവർഷം ട്യൂഷന് പോയി. പ്രഫ. അഗസ്റ്റിെൻറ പുല്ലേപ്പടിയിലെ വീട്ടിലായിരുന്ന ട്യൂഷൻ. മന്ത്രിയായപ്പോൾ സദനത്തിന് പുതിയ കെട്ടിടം നിർമിക്കാൻ കേന്ദ്രസർക്കാറിൽനിന്ന് 75 ലക്ഷം രൂപ അനുവദിക്കാൻ ശിപാർശ ചെയ്തു. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതും ഗൗരിയമ്മയാണ്.
ഗൗരിയമ്മയെ സ്വാധീനിച്ച സോവ്യറ്റ് യൂനിയൻ
കൊച്ചി: കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു അത്ഭുതമാണ് കെ.ആർ. ഗൗരിയമ്മ. മാർക്സിെൻറ മഹാബോധനങ്ങളല്ല, സോവ്യറ്റ് യൂനിയനെക്കുറിച്ചുള്ള ചില അറിവുകളാണ് ഗൗരിയമ്മയെ ആദ്യം സ്വാധീനിച്ചത്.
സെൻറ് തെരേസാസിൽ ബി.എക്ക് പഠിക്കുമ്പോൾ സോവ്യറ്റ് യൂനിയനെയും അവിടുത്തെ ഭരണസമ്പ്രദായത്തെയും സ്റ്റാലിനെയും കുറിച്ച് ക്ലാസിൽ സംസാരിച്ചത് ധനതത്ത്വശാസ്ത്രം പഠിപ്പിച്ച ഇന്ദിര ടീച്ചറാണ്. സ്റ്റാലിെൻറ കുടുംബത്തെ സംബന്ധിച്ചും ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് പാഠ്യവിഷയത്തിലേക്ക് കടന്നപ്പോൾ ഗൗരിയമ്മ സോവ്യറ്റ് യൂനിയനെ സംബന്ധിച്ച് കുറച്ചുകൂടി അറിയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സമയമില്ലാത്തിനാൽ ടീച്ചർ മറ്റ് വിഷയത്തിലേക്ക് കടന്നു.
അടുത്തദിവസം ഈ വിവരം മദർ സുപ്പീരിയറിെൻറ ചെവിയിലെത്തി. വിദ്യാർഥി വലിയ അച്ചടക്കരാഹിത്യം നടത്തിയതായാണ് അറിഞ്ഞത്. അവർ ഗൗരിയമ്മക്ക് മെമ്മോ നൽകി. മദറിെൻറ മുന്നിൽ ഹാജരായി. ഗൗരിയമ്മ ചെയ്ത പാപം തീരാൻ അവർ തലയിൽ കൈവെച്ച് പ്രാർഥന നടത്തി. ഒടുവിൽ മനഃസ്താപമുണ്ടാക്കാനായി വായിക്കാൻ ഒരു പുസ്തകവും നൽകി. അതിൽ സോവ്യറ്റ് യൂനിയിൽ നടക്കുന്ന കൊല, മർദനം, ക്രൂരത, ദൈവനിന്ദ എന്നിവയെക്കുറിച്ചൊക്കെ ഉണ്ടായിരുന്നു. ചെകുത്താെൻറ ജന്മമെടുത്ത സ്റ്റാലിൻ എന്നാണ് പുസ്തകം വിശദീകരിച്ചത്.
സോവ്യറ്റ് വിപ്ലവത്തിൽ ആകൃഷ്ടനായി അമേരിക്കക്കാരൻ അവിടെയെത്തി സ്ഥലങ്ങൾ സന്ദർശിച്ച് തയാറാക്കിയ വിവരണമായിരുന്നു പുസ്തകത്തിെൻറ ഉള്ളടക്കം. കുറച്ചുദിവസം കഴിഞ്ഞ് അത് വായിച്ചോയെന്ന് അറിയാൻ മദർ സുപ്പീരിയർ ചോദിച്ചു. സംഭവങ്ങളുടെ ഒരു വശംമാത്രമാണ് ഗ്രന്ഥകാരൻ വിവരിക്കുന്നതെന്നും മറുവശം കൂടി അറിഞ്ഞാലേ ശരിയായ അഭിപ്രായം പറയാൻ കഴിയൂവെന്നും ഗൗരിയമ്മ മറുപടി നൽകി.
അക്കാലത്ത് ഗൗരിയമ്മ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ല. സോവ്യറ്റ് യൂനിയനെക്കുറിച്ച് വായിച്ചിരുന്നില്ല. കമ്യൂണിസം എന്നത് കേട്ടറിഞ്ഞത് മാത്രം. സമത്വത്തിെൻറ പ്രചാരകനാണ് ലെനിനെന്നറിയാം. അതിനാൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ശ്രീനാരായണഗുരു, കുമാരനാശാൻ, ടി.കെ. മാധവൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ലെനിെൻറ പടവും വീട്ടിൽ ചുവരിൽ തൂക്കി.
ഇതേകാലത്ത് മലയാളം ലിറ്റററി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന വാദപ്രതിവാദങ്ങളിലെല്ലാം ഗൗരിയമ്മ സജീവമായി പങ്കെടുത്തു. കുമാരനാശാെൻറ കവിതകളിലെ ആശയഭംഗിയാണ് അക്കാലത്ത് ഗൗരിയമ്മയെ സ്വാധീനിച്ചത്. മനുഷ്യനെ വിപ്ലവകരമാംവിധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ലോകവീക്ഷണമാണ് ആ കവിതയിലുള്ളതെന്ന് അവർ വിശ്വസിച്ചു. ഒരർഥത്തിൽ സാമൂഹിക നീതിയിൽ അടിയുറച്ച ധാർമിക സോഷ്യലിസത്തിെൻറ വക്താവായിരുന്നു ഗൗരിയമ്മ. തെൻറ ചരിത്ര ജന്മത്തെ സാമൂഹിക മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്കായി അവർ നീക്കിവെച്ചു. ചരിത്രത്തിലെപ്പോഴും കീഴാളപക്ഷത്ത് നിലയുറപ്പിക്കാനും അവർക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.