കോലഞ്ചേരി: വേനൽ കടുത്തതോടെ തീപിടിത്തം വ്യാപകമാകുന്നു. പട്ടിമറ്റം ഫയർ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ചെറുതും വലുതുമായ പത്തോളം തീപിടിത്തം ഉണ്ടായി. ഇതിന് പുറമെയാണ് ആകസ്മികമായുണ്ടാകുന്ന മറ്റ് സംഭവങ്ങളിലും ഫയർ ഫോഴ്സിന്റെ സേവനം വേണ്ടിവരുന്നത്.
മോതിരം വിരലിൽ കുടുങ്ങിയത് മുതൽ മനുഷ്യരും മൃഗങ്ങളും കിണറുകളിലും മറ്റും വീഴുന്നതും മരങ്ങൾ വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീഴുന്നതുമെല്ലാം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടുകയാണ്. ബുധനാഴ്ച മാത്രം പട്ടിമറ്റം ഫയർ സ്റ്റേഷന് കീഴിൽ രണ്ട് തീപിടിത്തമുണ്ടായി. കിൻഫ്ര വ്യവസായ പാർക്കിലായിരുന്നു ഒരു സംഭവം. ഇവിടത്തെ ഗ്രാഫിക് പ്രിന്റ്സ് എന്ന സ്ഥാപനത്തിലെ ഒരേക്കർ വരുന്ന സ്ഥലത്തെ മരങ്ങൾ, അടിക്കാടുകൾ എന്നിവക്ക് വൈകീട്ട് നാലോടെ തീപിടിച്ചു.
പട്ടിമറ്റം അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ തീയണച്ചു. മൂവാറ്റുപുഴ നിലയത്തിൽനിന്നും രണ്ട് യൂനിറ്റ് സ്ഥലത്ത് എത്തിയിരുന്നു. കോലഞ്ചേരിരി ബസ്സ്റ്റാൻഡിന് സമീപമായിരുന്നു മറ്റൊരു തീപിടിത്തം. ഇവിടെ സ്വകാര്യ വ്യക്തിയുടെ 50 സെന്റ് വരുന്ന സ്ഥലത്തെ വാഴ, കപ്പ, അടിക്കാടിനും വൈകീട്ട് മൂന്നോടെയാണ് തീപിടിച്ചത്.
പട്ടിമറ്റം അഗ്നിരക്ഷ നിലയത്തിലെ ഉദ്യോഗസ്ഥരാണ് തീയണച്ചത്. ഇതിന് പുറമെയാണ് പട്ടിമറ്റം റോഡിൽ തട്ടാംമുഗൾ കവലയിൽ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. ഇതും ഉദ്യോഗസ്ഥരെത്തിയാണ് നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.