കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്കുകീഴിലെ ജീവനക്കാരുടെ ദുരിതത്തിന് അറുതിവരുത്തി എ.സി സൗകര്യങ്ങളോടെ 'വീടൊ'രുങ്ങുന്നു. കെ.എസ്.ആർ.ടി.സിയുടെ മൂന്ന് പഴയ ബസാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റാഫ് സ്ലീപ്പർ ആക്കി മാറ്റുന്നത്.
ഇതിൽ ഒരെണ്ണത്തിെൻറ പ്രവൃത്തി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ ഗാരേജിൽ പൂർത്തിയായി. രണ്ട് ബസ് ഒരുമിച്ച് േചർത്തുള്ള നീണ്ട സ്ലീപ്പറിെൻറ രൂപമാറ്റ പ്രക്രിയ പുരോഗമിക്കുകയാണ്.
പഴയ ബസിലെ സീറ്റുകൾ എടുത്തുമാറ്റി തൽസ്ഥാനത്ത് കുഷ്യനിട്ട സ്ലീപ്പർ ബെർത്തുകളാണ് ഒരുക്കിയത്. രണ്ട് നിലയിലായി ആകെ 16 പേർക്ക് ഒരു ബസിൽ കിടക്കാനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെ ജീവനക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനായി ഓരോ ബർത്തിനുകീഴിലും ലോക്കറുമുണ്ട്. സ്ലീപ്പർ ബസിനകത്തുതന്നെ ഭക്ഷണം കഴിക്കാനുള്ള ഊൺമേശ, കുടിവെള്ളം, തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിത്യേന എത്തുന്ന നിരവധി ഡ്രൈവർമാരും കണ്ടക്ടർമാരും പൊട്ടിപ്പൊളിഞ്ഞ വിശ്രമമുറിയിലാണ് ഏറെ കാലമായി കഴിയുന്നത്. പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ഒരു മഴ പെയ്താൽ വെള്ളക്കെട്ടാവുന്ന വഴികളിലൂടെ വേണം എത്താൻ.
ഒട്ടും സുരക്ഷിതമല്ലാത്ത ഇടത്ത്, പേടിസ്വപ്നം കണ്ടുറങ്ങുന്ന ജീവനക്കാരുടെ ദുരിതം കണ്ടറിഞ്ഞ മനുഷ്യാവകാശ കമീഷനാണ് സത്വര നടപടിക്ക് നിർദേശം നൽകിയത്.
പഴകിയ കെട്ടിടങ്ങൾ നന്നാക്കാൻ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതിനെത്തുടർന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് വന്നത്. ഒരു ബസ് രൂപമാറ്റം വരുത്തി വിശ്രമസങ്കേതമാക്കുന്നതിന് രണ്ടു ലക്ഷം രൂപയാണ് ചെലവ്. നിലവിൽ പൂർത്തിയായ ബസ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനാവുന്നതാണെന്ന് ഡി.ടി.ഒ വി.എം. താജുദ്ദീൻ പറഞ്ഞു.
ഇതിലേക്ക് വൈദ്യുതിബന്ധം നൽകുക, കൈ കഴുകാനുള്ള സംവിധാനം ഒരുക്കുക ജോലികൾകൂടി ബാക്കിയുണ്ട്. ഇവ പൂർത്തിയായശേഷം താൽക്കാലികമായി ജീവനക്കാർക്ക് വിട്ടുനൽകാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.