രുചിയേറും അടപ്രഥമൻ, നാവിൽ വെള്ളമൂറും പരിപ്പ്-ചെറുപയർ പായസം, കായ വറുത്തത്, ശർക്കര ഉപ്പേരി, പലയിനം അച്ചാറുകൾ, മുളക്, മല്ലി, മഞ്ഞൾ, സാമ്പാർ, ഗരംമസാല പൊടികൾ, ധാന്യപ്പൊടികൾ, അവലോസുണ്ട, അവലോസുപൊടി ഉൾപ്പെടെ വിവിധ പലഹാരങ്ങൾ... എറണാകുളം ജില്ലയിലുള്ളവർക്ക് ഓണത്തിനുവേണ്ടതെല്ലാം ഒരുക്കി വിപണിയിലെത്തിക്കാൻ കാത്തിരിക്കുകയാണ് കുടുംബശ്രീയിലെ അമ്മമാരും ചേച്ചിമാരും. നാടൻ രുചിയുടെ കൈപ്പുണ്യവും കലർപ്പില്ലാത്ത ജൈവോൽപന്നങ്ങളുടെ നന്മയുമാണ് കുടുംബശ്രീ ഉൽപന്നങ്ങളുടെ വിജയരഹസ്യം.
ഈ ഓണത്തിന് വിപണി ഞങ്ങളിതാ ഏറ്റെടുക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിപുലമായ ഓണമേള സംഘടിപ്പിക്കാൻ ജില്ലയിലെ കുടുംബശ്രീ സംരംഭകർ ഇതിനകം തയാറെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായ ഒരുക്കവും പൂർത്തിയായി. ജില്ലതല മേളയുടെ ഉദ്ഘാടനം തിങ്കളാഴ്ച കുന്നത്തുനാട് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയതിനു പിന്നാലെ വിവിധ സി.ഡി.എസുകൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മേള ആരംഭിക്കാനിരിക്കുകയാണ്. ഓണനിലാവ് എന്ന പേരിൽ കുടുംബശ്രീ സംസ്ഥാനതല മേള കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ‘വരൂ അമ്മമാരുടെ കൈപ്പുണ്യത്തിൽ ഓണമൊരുക്കാം’ എന്നാണ് ഇത്തവണത്തെ വിപണനമേളയുടെ ടാഗ് ലൈൻ.
ജില്ലയിൽ 102 സി.ഡി.എസുകളിലായി (കമ്യൂണിറ്റി ഡെവലപ്മന്റെ് സൊസൈറ്റി) 20000 ത്തിലേറെ അയൽക്കൂട്ടം യൂനിറ്റുകളുണ്ട്. ഇതിലെല്ലാമായി പതിനായിരക്കണക്കിന് കുടുംബശ്രീ അംഗങ്ങളും പ്രവർത്തിക്കുന്നു. ഇവരിൽ സംരംഭക താൽപര്യവും മനസ്സുമുള്ളവർക്ക് മികച്ചൊരു വിപണിയൊരുക്കുകയാണ് മേളകളിലൂടെ ലക്ഷ്യമിടുന്നത്. ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് കുടുംബശ്രീ ഉറപ്പുവരുത്തുന്നത്.
കഴിഞ്ഞ വർഷം 2.9 കോടിയുടെ വിറ്റുവരവാണ് ജില്ലയിലുടനീളം മേളകളിലൂടെ ഓണക്കാലത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചത്. ഇത്തവണ അത് നാലു കോടിയെങ്കിലും ആക്കുകയാണ് ജില്ല മിഷന്റെ ലക്ഷ്യം. ഉൽപന്നങ്ങൾ ഒരുക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള സംരംഭകർക്ക് കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് അഥവാ സി.ഇ.എഫ്, ലിങ്കേജ് വായ്പ തുടങ്ങിയ സംവിധാനങ്ങളിലൂടെ മുതൽമുടക്ക് കണ്ടെത്താനാവും.
ആയിരക്കണക്കിന് വരുന്ന ജില്ലയിലെ സംരംഭകർക്ക് അവരുടെ ഗുണനിലവാരവും രുചിയുമുള്ള ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണി ഉറപ്പുവരുത്തുക, ഓണക്കാലത്ത് കൂടുതൽ പേരിലേക്ക് വിഷരഹിതവും ജൈവികവുമായ ഉൽപന്നങ്ങൾ എത്തിക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളാണ് കുടുംബശ്രീ ഓണം മേളകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന ചൂണ്ടിക്കാട്ടി.
മറ്റെല്ലാവരെയും പോലെ തന്നെ ഓണവിപണിയിലൂടെ മികച്ച വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബശ്രീ സംരംഭകരും. വർഷത്തിലുടനീളം അച്ചാർ, മസാലപ്പൊടികൾ തുടങ്ങിയ ഉൽപന്നങ്ങൾ തയാറാക്കുന്നവരുണ്ടെങ്കിലും ഓണത്തോടനുബന്ധിച്ച് ഉൽപന്നങ്ങളിലെ വൈവിധ്യവും കൂടുതൽ പേരുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. മേളകളിൽ പങ്കെടുക്കുന്നതിനായി ഓരോ സി.ഡി.എസുകൾക്കു കീഴിലും ഔദ്യോഗിക അയൽക്കൂട്ടം യൂനിറ്റുകൾക്കു പുറമെ ആക്ടിവിറ്റി ഗ്രൂപ്പുകളും എത്തുന്നുണ്ട്.
കുടുംബശ്രീയുടെ തനതു രുചികൾ കൂടാതെ അയൽക്കൂട്ടം യൂനിറ്റുകൾ നട്ടുനനച്ചുണ്ടാക്കിയ പൂക്കളുടെ വിളവെടുപ്പും വിവിധ കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറി വിപണനവും മേളയുടെ ഭാഗമായി ഉണ്ടാകും. സി.ഡി.എസുകളുടെ സ്ഥിതിയും സംരംഭകരുടെ ആവശ്യവുമനുസരിച്ച് മൂന്നു മുതൽ ആറു ദിവസം വരെ മേള നടക്കും. തിരുവോണദിനം വരെ വിപണി നടത്താനാണ് ചില സി.ഡി.എസുകളുടെ തീരുമാനം.
കൊച്ചി വെസ്റ്റ് സി.ഡി.എസ് ഉത്രാട ദിനത്തിലാണ് മേള അവസാനിപ്പിക്കുക, ഈ ദിനം തിരുവോണത്തിനുള്ള ഇഞ്ചിക്കറി ഉൾപ്പെടെ കേടുവരാത്ത കറികളുടെ വിൽപനയുമുണ്ടാകുമെന്ന് സി.ഡി.എസ് ചെയർപേഴ്സൻ നബീസ ലത്തീഫ് പറഞ്ഞു. തോപ്പുംപടി ബി.ഒ.ടി പാലത്തിനടുത്താണ് മേള നടക്കുക.കഷ്ടപ്പെട്ട് തയാറാക്കിയ ഉൽപന്നങ്ങൾ വിൽപന നടക്കാതെ പാഴാകാതിരിക്കാൻ കൂപ്പൺ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഈസ്റ്റിലെ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് സി.ഡി.എസ് ചെയർപേഴ്സൻ മിനി ജോഷി ചൂണ്ടിക്കാട്ടി.
വിവിധ തരം അച്ചാറുകൾ, പപ്പടം, വ്യത്യസ്ത ഇനം പായസങ്ങൾ, മല്ലി, മുളക്, മഞ്ഞൾ, സാമ്പാർ, രസം പൊടികൾ, ഗരംമസാലപ്പൊടി, കുരുമുളക് പൊടി, ചമ്മന്തിപ്പൊടി, ഉണക്കച്ചെമ്മീൻ ചമ്മന്തിപ്പൊടി, അരിപ്പൊടി, പുട്ടുപൊടി, അപ്പംപൊടി, ഗോതമ്പു പൊടി, വെളിച്ചെണ്ണ, നറുനീണ്ടി സർബത്ത്, തേൻ, കാപ്പിപ്പൊടി, ഡ്രൈഫ്രൂട്സ്, കുഴലപ്പം, അവലോസുണ്ട, അച്ചപ്പം, കൂവപ്പൊടി എന്നിങ്ങനെ ഭക്ഷ്യസാധനങ്ങൾ മാത്രമല്ല, വസ്ത്രങ്ങൾ, ചെരിപ്പ്, ബാഗ്, ലോഷനുകൾ, ഫ്ലോർ ക്ലീനറുകൾ, പൂവട്ടി, സോപ്പ് തുടങ്ങി പ്രാദേശിക ലഭ്യതക്കും സാധ്യതക്കുമനുസരിച്ച് വിവിധയിനം ഉൽപന്നങ്ങൾ മേളയിൽ കിട്ടും.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.