കൊച്ചി: ഗൃഹാതുരത്വമുണർന്ന രൂചിക്കൂട്ടുകളും മായമില്ലാത്ത ഉൽപന്നങ്ങളുമൊരുക്കി ഓണവിപണിയിൽ കുടുംബശ്രീയുടെ വിജയഗാഥ. കുടുംബശ്രീ സംസ്ഥാനതലത്തിൽ നടത്തിയ ഓണവിപണിയില്‍ ഏറ്റവുമധികം വിറ്റുവരവ് നേടി ജില്ല മുന്നിലെത്തി. ആകെ 3.30 കോടി രൂപയുടെ വിറ്റുവരവാണ് ജില്ല കൈവരിച്ചത്. കഴിഞ്ഞതവണ ഇത് 2.9 കോടി രൂപയായിരുന്നു. ജില്ലയില്‍ ഈ വര്‍ഷം ഓണത്തോടനുബന്ധിച്ച് 102 സി.ഡി.എസ് തല ഓണവിപണന മേളകളാണ് സംഘടിപ്പിച്ചത്. കൂടാതെ ജില്ല തലത്തില്‍ രണ്ട് ഉല്പന്ന വിപണനമേളയും മൂന്ന് ഭക്ഷ്യമേളയും സംഘടിപ്പിച്ചു.
2400 സംരംഭക യൂനിറ്റുകളും 1600 ജെ.എല്‍.ജി യൂനിറ്റുകളും 16 കഫെ യൂനിറ്റുകളും വിപണന മേളയില്‍ പങ്കെടുത്തു. ജില്ലയിലെ 102 കുടുംബശ്രീ സി.ഡി.എസുകളിലായുള്ള സംരംഭകരായ വനിതകൾക്ക് അവരുടെ ഉൽപന്നങ്ങൾക്ക് പ്രചാരണവും വിപണനവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മേളകൾ. വിവിധതരം അച്ചാറുകൾ, പപ്പടം, പായസം, പലവ്യഞ്ജനങ്ങൾ തുടങ്ങി ചമ്മന്തിപ്പൊടികൾ, വിവിധ വിഭവങ്ങൾക്കായുള്ള അരിപ്പൊടികൾ, ഗോതമ്പ് പൊടി, വെളിച്ചെണ്ണ, തേയില, കാപ്പിപ്പൊടി, വിവിധതരം വസ്ത്രങ്ങൾ, ലോഷനുകൾ, ക്ലീനറുകൾ, സോപ്പുകൾ തുടങ്ങി കുടുംബശ്രീ വനിതകളുടെ തനത് ശൈലിയിലും കരവിരുതിലും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ മേളയിൽ വിറ്റഴിഞ്ഞു.
കുടുംബശ്രീയുടെ തനത് രുചി വൈവിധ്യങ്ങൾക്ക് പുറമേ പൂക്കളുടെ വിളവെടുപ്പും പച്ചക്കറിമേളയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. പച്ചക്കറി-പൂ വിപണന മേളയിൽനിന്ന് മാത്രം 60 ലക്ഷമാണ് വിറ്റുവരവ്. കുടുംബശ്രീ അംഗങ്ങളായ വനിതകൾ സ്വപ്രയത്നം കൊണ്ട് തയാറാക്കുന്ന ഉൽപന്നങ്ങൾക്ക് സ്വീകാര്യത വർധിപ്പിക്കാനാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
വിവിധതരം പായസങ്ങളും ഉപ്പേരിയും ശര്‍ക്കരവരട്ടിയും ആയിരുന്നു ഓണ വിപണന മേളകളിലെ താരങ്ങള്‍. കുടുംബശ്രീ സംരംഭകരുടെ, മായമില്ലാത്ത നാടന്‍ ഉല്പന്നങ്ങള് വാങ്ങാൻ പല മേളകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില മേളകള്‍ രാത്രി വൈകിയും നീണ്ടു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ മുന്‍കൂര്‍ ഓര്‍ഡര്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 102 സി.ഡി.എസുകളില്‍ 98 സി.ഡി.എസുകളിലും വിവിധ തുകകളുടെ കൂപ്പണുകളും ഏര്‍പ്പെടുത്തി.
സംസ്ഥാന തലത്തിൽ ജില്ല മുന്നിൽഎല്ലാ വര്‍ഷവും കുടുംബശ്രീ സി.ഡി.എസ് തലത്തില്‍ ഓണം വിപണന മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ സംരംഭകരുടെയും പച്ചക്കറി കൃഷി ചെയ്യുന്ന ജെ.എല്‍.ജി യൂനിറ്റുകളുടെയും വലിയ സാധ്യത ആണ് ഓണ വിപണി. ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.എം. റെജീന, അസി. ജില്ല മിഷന് കോഓഡിനേറ്റര്‍ അമ്പിളി തങ്കപ്പന്, ജില്ല പ്രോഗ്രാം മാനേജര്‍ പി.ആര്. അരുണ്‍ എന്നിവരാണ് ജില്ലയിലെ മേളക്ക് ചുക്കാൻ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.