വൈപ്പിൻ /ഫോർട്ട്കൊച്ചി: രണ്ട് റോ റോ സർവിസുകളിൽ ഒരെണ്ണത്തിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനാൽ സർവിസ് നിർത്തിവെച്ചത് യാത്രക്കാർക്ക് ദുരിതമായി. തിങ്കളാഴ്ച മുതൽ ഈ റൂട്ടിൽ ഒരു റോ റോ മാത്രമാണ് സർവിസ് നടത്തുന്നത്.
ഇതുമൂലം വൈപ്പിൻ ജെട്ടിയിലും, ഫോർട്ട് കൊച്ചിയിലും യാത്രക്കാരുടെയും, വാഹനങ്ങളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നതിനാൽ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടായി. രണ്ടും സർവിസ് നടത്തുകയാണെങ്കിൽ പരമാവധി പത്തു മിനിറ്റ് കാത്തു നിന്നാൽ മറുകരയിൽ എത്താം. എന്നാൽ, ഇപ്പോൾ അര മണിക്കൂറോളം ജെട്ടിയിൽ കാത്തുകിടക്കേണ്ട അവസ്ഥയാണ്. സേതു സാഗർ രണ്ട് ആണ് അറ്റകുറ്റപ്പണിക്കായി മാറ്റിയത്.
മൂന്നാമതൊരു റോ റോ സർവിസ് വേണമെന്നത് യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമാണ്. ജെട്ടിയിൽ ഉണ്ടാകുന്ന തിരക്കുമൂലം എറണാകുളത്തേക്കും പറവൂർ ഭാഗത്തേക്കും പോകുന്ന ബസുകൾക്ക് വൈപ്പിൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും ആളെ എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു ജീവനക്കാർ പറയുന്നു. റോ റോയിൽ യാത്രയ്ക്കെത്തുന്നതും അല്ലാത്തതുമായി നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്ത് യാത്ര തടസ്സം സൃഷ്ടിക്കുന്നതായും, അപകടം സൃഷ്ടിക്കുന്നതായും ബസ് ജീവനക്കാർ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.
നിലവിലെ അവസ്ഥ കെ.ജെ. മാക്സി എം.എൽ.എയെ ധരിപ്പിച്ചെങ്കിലും വാട്ടർ മെട്രോ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇടപെടാനാവില്ലെന്നും കഴിയുമെങ്കിൽ സ്റ്റാൻഡിൽ കയറിയാൽ മതിയെന്നും പറഞ്ഞു കൈയൊഴിയുകയായിരുന്നെന്ന് പ്രൈവറ്റ് ബസ് ഓപറ്റേഴ്സ് അസോസിയേഷനും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷനും പറഞ്ഞു. വൈപ്പിൻ- ഫോർട്ട് കൊച്ചി സർവിസിനായി ഫോർട്ട് ക്യൂൻ എന്ന ബോട്ട് കൊച്ചി നഗരസഭ നിർമിച്ചെങ്കിലും സർവിസ് നടത്താതെ മാറ്റിയിട്ടിരിക്കുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച ബോട്ട് സർവിസിനിറക്കിയെങ്കിലും ബുധനാഴ്ച ഓടിക്കാനായില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് വീണ്ടും സർവിസ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.