കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിലെ ആശുപത്രികളിൽ കോവിഡ് സന്നദ്ധപ്രവർത്തകരായി ജോലിവാഗ്ദാനം ചെയ്ത് നൂറോളം നഴ്സ്മാരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കൊച്ചിയിലെ ബ്രില്യേൻറാ സ്ഥാപന ഉടമ അറസ്റ്റിൽ. തിരുവനന്തപുരം പറക്കോട് സ്വദേശി താജുദ്ദീനാണ് (വിനോദ് -49) പിടിയിലായത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരുകയാണ്.
തട്ടിപ്പിന് ഇരയായവർ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. എറണാകുളം വാരിയം റോഡിലെ അമ്പാടി അപ്പാർട്മെൻറിലെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 35 പാസ്പോർട്ടും രേഖകളും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെയാണ് ബ്രില്യേൻറാ പ്രവർത്തിച്ചിരുന്നത്.
ഇംഗ്ലണ്ട്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി അവസരമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇയാൾ ഉദ്യോഗാർഥികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. ഉയർന്ന ശമ്പളമായിരുന്നു വാഗ്ദാനം. ഇംഗ്ലണ്ടിലെ ജോലിക്ക് 75,000 രൂപയും നെതർലൻഡ്സിലെ ജോലിക്ക് മൂന്ന് ലക്ഷം രൂപയുമാണ് ഫീസായി ആവശ്യപ്പെട്ടിരുന്നത്. ഇതിെൻറ ആദ്യഗഡുവായി 20,000 രൂപയും പാസ്പോർട്ടും രേഖകളും ഉദ്യോഗാർഥികളിൽനിന്ന് കൈക്കലാക്കി. എന്നാൽ, യാത്രയെ സംബന്ധിച്ച മറ്റ് വിവരമൊന്നും ഇയാൾ നൽകിയിരുന്നില്ല. കാത്തിരിപ്പ് നീണ്ടതോടെ ഉദ്യോഗാർഥികൾ കമീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇയാളുടെ നീക്കങ്ങൾ എറണാകുളം സെൻട്രൽ അസിസ്റ്റൻറ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ പിടിയിലായത്. ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്ഥാപനം പരിശോധിച്ച് രേഖകളടക്കം പിടിച്ചെടുത്തു. ഇവിടുത്തെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയാണെങ്കിലും താജുദ്ദീൻ ചെന്നൈയിലാണ് താമസം. ഇയാളുടെ പാൻകാർഡിൽ വിജയകുമാർ എന്നാണ് പേര്. ആധാറിൽ ദിലീപെന്നും താമസം ഡൽഹിയിലെന്നുമാണ്. കൊച്ചിയിലെ വീട് വാടകക്ക് എടുത്തിട്ടുള്ളത് കൊല്ലം സ്വദേശിയുടെ പേരിലാണ്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.