മട്ടാഞ്ചേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിവസിക്കുന്ന മേഖല. പ്രദേശത്തെ 90 ശതമാനവും നിത്യതൊഴിലെടുത്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങൾ. ഒരുദിവസം ഗൃഹനാഥൻ പണിക്ക് പോയില്ലെങ്കിൽ പട്ടിണിയിലാവുന്ന കുടുംബങ്ങൾ.
പല കുടുംബങ്ങളിലും അസുഖം ബാധിച്ച് കഴിയുന്ന വയോധികർ. ഒരുദിവസത്തെ വരുമാനമില്ലെങ്കിൽ ഇവരുടെ അന്നത്തെ മരുന്നുകഴിക്കലും നിലക്കും... ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ചേരികൾ അടക്കമുള്ള പ്രദേശത്തെ നേർക്കാഴ്ചയാണിത്.
ഈ മേഖലയാണ് കഴിഞ്ഞ 20 ദിവസമായി കണ്ടയ്ൻമെൻറ് സോണായതോടെ അടച്ചുപൂട്ടിയത്. വെറും പൂട്ടല്ല. ഇടവഴികളും മുഖ്യവഴികളുമെല്ലാം അടച്ചു. നിത്യവൃത്തിക്കുവേണ്ടി അലയുന്നവർക്ക് തൊഴിൽപരമായ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ പോലും പൊലീസും അനുവദിക്കുന്നില്ല. ഇതോടെ തൊഴിലിനും പോകാനാകാത്ത അവസ്ഥ.
ചില ഡിവിഷനുകളിൽ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിൽ 28 ഡിവിഷനുകളും അടച്ചതോടെ അധികാരികളുടെ കടമ തീർന്നു.
പിന്നീട് കർഫ്യൂവും പ്രഖ്യാപിച്ചു. എന്നാൽ, അടച്ചുപൂട്ടിയ പ്രദേശത്തെ ജനത എങ്ങനെ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. പ്രത്യേകിച്ച് ചേരികളിൽ കഴിയുന്ന നിത്യവൃത്തിക്കാരെക്കുറിച്ച്. ജനപ്രതിനിധികളും ഇവർക്കുനേരേ മുഖം തിരിക്കുകയാണെന്നാണ് ആക്ഷേപം.
പല കുടുംബങ്ങളും പട്ടിണിയിലാണ്. കുട്ടികൾ വിശന്നുകരയുമ്പോൾ വട്ടിപ്പലിശക്കാരിൽനിന്നും മറ്റും പണം വാങ്ങിയാണ് ആദ്യഘട്ടത്തിൽ കഴിഞ്ഞുപോന്നത്.
പലചരക്ക് കടകളിൽനിന്നും മറ്റും കടം വാങ്ങിയും കുറച്ചു ദിവസങ്ങൾ കഴിച്ചു. സന്നദ്ധസംഘടനകളിൽ ചിലർ നൽകിയ കിറ്റും ആശ്വാസം നൽകി. ഇപ്പോൾ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥ. ആദ്യം മൂന്നുനേരം ഭക്ഷണമെന്നത് രണ്ടാക്കി. പിന്നെ ഒരുനേരമാക്കി. ഇപ്പോൾ പല കുടുംബങ്ങളിലും അതും ഇല്ലാതായി.
ഇതിനിടെയാണ് കൊച്ചി ഫിഷറീസ് ഹാർബർ തുറക്കാത്ത നടപടിയും പ്രദേശവാസികളെ പ്രതികൂലമായി ബാധിക്കുന്നത്. കേരളത്തിലെ എല്ലാ ഹാർബറുകൾക്കും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയപ്പോഴാണ് ഈ ഒരുഹാർബറിനു മാത്രം അനുമതി നിഷേധിക്കുന്നത്. പതിനായിരത്തോളം കുടുംബങ്ങളാണ് നേരിട്ടും അനുബന്ധമായും ഹാർബറിനെ ആശയിച്ച് കഴിയുന്നത്.
അവഗണന ഒഴിവാക്കി ചേരികൾ അടക്കമുള്ള ഈ മേഖലയുടെ പ്രത്യേക പരിസ്ഥിതി കണക്കിലെടുത്ത് അടിയന്തരസഹായ പാക്കേജ് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.