മൂവാറ്റുപുഴ: നഗരസഭ ഓഫിസിൽ വിജിലൻസ് പരിശോധന നടത്തി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ കാവുങ്കര മാർക്കറ്റിനു സമീപത്തെ നഗരസഭ ഭൂമിയിൽനിന്ന് കൗൺസിലറുടെ നേതൃത്വത്തിൽ ലോഡ് കണക്കിന് മണ്ണ് കടത്തിയെന്ന പരാതിയിലാണ് വിജിലൻസ് നഗരസഭ കാര്യാലയത്തിലും മണ്ണ് എടുത്തുമാറ്റിയ കാവുങ്കര പച്ചക്കറി മാർക്കറ്റിനു സമീപത്തെ നഗരസഭാവക ഭൂമിയിലും പരിശോധന നടത്തിയത്.
കഴിഞ്ഞ ജൂണിൽ നഗരസഭ സെക്രട്ടറിപോലും അറിയാതെ മണ്ണെടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മാറ്റിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ നഗരസഭ ഓഫിസിലെത്തിയ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു.
കാവുങ്കര പച്ചക്കറി മാർക്കറ്റിനു സമീപത്തെ നഗരസഭാവക സ്ഥലത്തു കൂട്ടിയിട്ടിരുന്ന മണ്ണ് നഗരസഭ ഉദ്യോഗസ്ഥർപോലും അറിയാതെയും വർക്ക് ഓർഡർ ഇല്ലാതെയും ഇവിടെ നിന്ന് കടത്തിയ ശേഷം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുഴികളും വെള്ളക്കെട്ടും നികത്താൻ ഉപയോഗിെച്ചന്നായിരുന്നു പരാതി. സംഭവത്തെ തുടർന്ന് നഗരസഭ കാര്യാലയത്തിൽ വലിയ തോതിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു.
നഗരസഭാവക ഭൂമിയിലെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നുള്ള കോൺക്രീറ്റ് പൊട്ടിച്ച് നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തള്ളാനും ഇതിലെ കമ്പി ലേലം ചെയ്യാനുമായിരുന്നു നിർദേശം. എന്നാൽ, കെട്ടിടാവശിഷ്ടങ്ങൾ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തള്ളുന്നതിനു സാങ്കേതിക തടസ്സം ഉണ്ടായിരുന്നതിനാലാണ് ഇത് ഉൾപ്പെടെയുള്ള മണ്ണ് മാറ്റിയതെന്നും ഇത് കിഴക്കേക്കരയിലെ റോഡിലെ കുഴികൾ അടക്കാനാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഭരണകക്ഷിയുടെ വിശദീകരണം.
എന്നാൽ, ഇതു തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും മറ്റും ഉൾപ്പെടെയാണ് പ്രതിപക്ഷം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.