കാടുകയറിയ മൂവാറ്റുപുഴയാറിലെ ഫയർഫോഴ്സ് കുളിക്കടവും ശൗചാലയവും
മൂവാറ്റുപുഴ: ശുചീകരണം നടക്കാത്തതിനെ തുടർന്ന് ടൗണിലെ കുളിക്കടവുകൾ കാടുകയറി നശിക്കുന്നു. നഗരസഭ പ്രദേശത്തെ ഇരുപത്തിയഞ്ചോളം കുളിക്കടവുകളിൽ പ്രധാന കടവുകൾക്ക് അടക്കം ഇതാണ് സ്ഥിതി. നിരവധിപേർ കുളിക്കാനെത്തുന്ന ഫയർഫോഴ്സ് കുളിക്കടവും ശൗചാലയവും കാടുകയറി. രണ്ട് കക്കൂസ് മുറികൾ ഉണ്ടായിരുന്ന കെട്ടിടം വള്ളികൾ പടർന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. സമീപങ്ങളിലെ ആശുപത്രികളിൽ കിടപ്പുരോഗികൾക്ക് കൂട്ടിരിപ്പുകാരായി വരുന്നവർ കുളിക്കാനും വസ്ത്രം കഴുകാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ഉപയോഗിച്ചിരുന്ന ശൗചാലയവും കുളിക്കടവുമായിരുന്നു ഇത്.
സമീപത്തെ പൊലീസ് സ്റ്റേഷനിലും വിവിധ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവരും അന്തർസംസ്ഥാന തൊഴിലാളികളും ഈ ശൗചാലയം ഉപയോഗിച്ചിരുന്നു. കുളിക്കടവിൽ കാടുകയറിയതും ഇഴജന്തുക്കളടക്കമുള്ള ജീവികളുടെ കേന്ദ്രമായതോടെ അന്തർസംസ്ഥാന തൊഴിലാളികളും വരാതായി. പുഴയിലേക്ക് ഇറങ്ങുന്നതിന് ബുദ്ധിമുട്ടാകുന്ന തരത്തിൽ കുളിക്കടവിന്റെ നട പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
ടൗണിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുളിക്കാനും സഹായകരമായിരുന്ന കുളിക്കടവും ശൗചാലയവും സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.