കൊച്ചി: കുതിക്കുന്ന കോവിഡ് കണക്കുകളിൽ ഭയന്ന് ജനം വാക്സിൻ എടുക്കാൻ നെട്ടോട്ടത്തിൽ. ജില്ലയിൽ പലയിടത്തും വാക്സിൻ വിതരണകേന്ദ്രങ്ങളിൽ ജനത്തിരക്ക് ബഹളത്തിന് കാരണമായി. വാക്സിൻ ലഭ്യമല്ലെന്ന ബോർഡുകൾ വെച്ചയിടങ്ങളിൽനിന്ന് പൊലീസും ആരോഗ്യപ്രവർത്തകരും ആളുകളെ സമാശ്വസിപ്പിച്ചു വിടേണ്ടിവന്നു.
ഒന്നാം ഡോസ് എടുത്തവർ മൂന്നാഴ്ച പിന്നിട്ടിട്ടും രണ്ടാം ഡോസ് എടുക്കാൻ കഴിയാതെ സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഡോസ് എടുത്ത സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് ഉൾപ്പെടെയുള്ളവരാണ് അങ്കലാപ്പിലായത്. സർക്കാർ ആശുപത്രികളിലെ തിരക്ക് കാരണം പലരും സ്വകാര്യ ആശുപത്രികളിൽ എത്തുന്നു. രാവിലെ ആറുമുതൽ ക്യൂവിൽ നിന്ന് ടോക്കൺ എടുത്താണ് വാക്സിൻ എടുക്കുന്നത്.
അതിനിടെ, ജില്ലയിൽ ഇതുവരെ 7,40,446 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യമേഖലയിലെ 1,28,129 പ്രവർത്തകരും 70,579 മുന്നണി പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 54,375 പേർക്കാണ് രണ്ടാം ഡോസ് ലഭിച്ചത്. 73,754 േപർ ആദ്യ ഡോസ് എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 49,223 പേർ ആദ്യ ഡോസും 21,356 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
45നും 60നും ഇടയിൽ പ്രായമുള്ളവരിൽ 1,76,641 പേരാണ് വാക്സിനെടുത്തത്. 1,70,493 േപർ ആദ്യഡോസും 6148 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 3,48,482 പേരും വാക്സിനെടുത്തു. 3,31,305 പേർ ആദ്യ ഡോസും 17,177 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു.
ജില്ലയിൽ ചൊവ്വാഴ്ച 30,230 ഡോസ് വാക്സിനുകളാണ് സ്റ്റോക്കുണ്ടായിരുന്നത്. 28,000 ഡോസ് െകാവിഷീൽഡും 2230 ഡോസ് കോവാക്സിനും. 12,500 ഡോസ് വാക്സിൻ സ്വകാര്യ ആശുപത്രികളിൽ വിതരണത്തിന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.