കാക്കനാട്: നികുതി അടക്കാത്ത ബസുകൾക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. നഗരത്തിലെ 40 ബസുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നികുതി കുടിശ്ശികയും പിഴയും ഒരാഴ്ചക്കുള്ളിൽ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിമാൻഡ് നോട്ടീസ് നൽകിയത്. അതിനുശേഷവും അടക്കാത്ത സാഹചര്യമുണ്ടായാൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടിയിലേക്ക് പോയേക്കുമെന്നാണ് വിവരം.
കോവിഡിനെത്തുടർന്ന് ബസുകൾ സർവിസ് നിർത്തിവെച്ച സാഹചര്യം പരിഗണിച്ച് വാഹനനികുതി, ഫിറ്റ്നസ് പരിശോധന തുടങ്ങിയവക്ക് ഇളവ് നൽകിയിരുന്നു. പല തവണകളിലായി നീട്ടി ഒടുവിൽ 2021 ഡിസംബർ 31 വരെയായിരുന്നു ഇളവുകൾ ഉണ്ടായിരുന്നു. അതിനുശേഷവും നികുതി കുടിശ്ശിക അടച്ചു തീർക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ ഫിറ്റ്നസ് പെർമിറ്റ് ഇല്ലാത്തവർക്കും ഇൻഷുറൻസ് അടക്കാത്തവർക്കും എതിരെയാണ് കേസെടുത്ത് പിഴ ചുമത്തിയിട്ടുള്ളത്. വൈകാതെ നികുതികുടിശ്ശിക ഉള്ളവർക്ക് എതിരെയും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തേ 2021 ജൂൺ 31 വരെയുള്ള നികുതി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിനുശേഷമുള്ള രണ്ട് പാദങ്ങളിലെ കുടിശ്ശികയും 50 ശതമാനം അധിക നികുതിയുമാണ് ഇപ്പോൾ ഈടാക്കുന്നത്. 60,000 രൂപ മുതൽ 72,000 രൂപ വരെയാണ് ബസുടമകൾ അടക്കേണ്ടത്. ഇതിനുപുറമെ കുടിശ്ശിക തവണകളായി അടച്ചുതീർക്കുന്നതിന് അപേക്ഷിച്ച 30 പേർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇവർക്ക് 10,000 മുതൽ 12,000 രൂപ വരെയുള്ള ആറോ എഴോ തവണകളായി കുടിശ്ശിക അടച്ചുതീർത്താൽ മതി. ഗതാഗത സെക്രട്ടറിക്ക് അപേക്ഷ നൽകുന്നത് പ്രകാരം വണ്ടി നമ്പർ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയാണ് തവണകളായി അടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
മുമ്പ് സ്ഥിരമായി അടച്ചിരുന്ന ഇപ്പോൾ അടക്കാത്തവർക്കാണ് അധികൃതർ ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിനുപുറമെ റോഡിൽ ഇറക്കുന്ന വാഹനങ്ങളിൽ നികുതി കുടിശ്ശിക ഉള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ പിടികൂടുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കാൻ അധികാരമുണ്ടെങ്കിലും ആദ്യഘട്ടത്തിൽ പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.