കൊച്ചി: 'പൂവിളി പൂവിളി പൊന്നോണമായി...' ഓരോ ഓണക്കാലത്തും നമ്മുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ഈണമാണിത്. എന്നാൽ, ഇന്ന് അത്തം തുടങ്ങുമ്പോഴും ചുറ്റിലും പൂവിളി അധികം ഉയരുന്നില്ല. കാരണം കോവിഡ് ജാഗ്രതയുടെ ഭാഗമായി അന്തർ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കൾ വാങ്ങരുതെന്ന സർക്കാർ നിർദേശം മൂലം വാടിയത് നൂറുകണക്കിനാളുകളുടെ പ്രതീക്ഷകളാണ്.
ഓണക്കാലമാണ് പൂക്കച്ചവടക്കാരുടെ ഏക സീസൺ. ജമന്തി, ചെണ്ടുമല്ലി, വാടാർമല്ലി, മുല്ല, അരളി, പനിനീർ തുടങ്ങി അനേകം പൂക്കൾ കാതങ്ങൾ താണ്ടി നാട്ടിലും നഗരത്തിലുമെത്തും.
എറണാകുളത്ത് ടൗൺഹാളിന് എതിർവശത്തു മാത്രം ഇത്തരത്തിൽ 200ഓളം പൂക്കച്ചവടക്കാർ നിരന്നിരിക്കുന്നുണ്ടാകും, ഏറെയും തമിഴ്നാട്ടിൽ നിന്നുള്ളവർ. തമിഴ്നാട്ടിലെ കോയമ്പത്തൂർ, ഹൊസൂർ, മേട്ടുപ്പാളയം, സത്യമംഗലം, തേനി, കമ്പം, കർണാടകയിൽ നിന്നുള്ള ബംഗളൂരു, മൈസൂരു, തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള പൂക്കൾക്കാണ് 'വിലക്കുള്ളത്'. ഇവിടെ ഇത്തവണ കച്ചവടം നടത്തുന്നത് നാല് സ്ത്രീകൾ മാത്രമാണ്.
ജില്ലയിൽ ഓൾ കേരള ഫ്ലവർ മർച്ചൻറ് അസോസിയേഷൻ (എ.കെ.എഫ്.എം.എ) കീഴിലുള്ള ലൈസൻസ്ഡ് കടകൾ 780 എണ്ണമുണ്ട്. ഒരു കടക്കാരൻതന്നെ സാധാരണഗതിയിൽ 250 മുതൽ 300 കിലോവരെ പൂക്കൾ വിൽക്കാറുണ്ട്. എന്നാലിപ്പോൾ പത്തോ ഇരുപതോ കിലോ മാത്രമാണ് വിൽപനയെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
ജില്ലയിൽ പ്രതിദിനം രണ്ട് ടണ്ണോളം പൂക്കൾ കച്ചവടം ചെയ്യാറുണ്ടായിരുന്നു, മൂന്നു മുതൽ അഞ്ചുലക്ഷം രൂപവരെയാണ് പൂക്കച്ചവട മേഖലയിലെ പ്രതിദിന വിറ്റുവരവ്. എന്നാൽ, കോവിഡും ലോക്ഡൗണും മൂലം ഈ സമൃദ്ധിയെ വിടരും മുമ്പേ ഇറുത്തുകളഞ്ഞിരിക്കുകയാണ്. ജില്ലയിൽ എറണാകുളം ടൗൺഹാൾ പരിസരം, ടി.ഡി റോഡിലെ പൂക്കാരൻമുക്ക്, സൗത്ത് റെയിൽവേ സ്റ്റേഷൻ, ചോറ്റാനിക്കര ക്ഷേത്രം പരിസരം, ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം, അങ്കമാലി ടൗൺ തുടങ്ങിയ ഇടങ്ങളിലെല്ലാം ആളുകൾ നിരനിരയായി പൂവിൽക്കുന്ന കാഴ്ച പതിവായിരുന്നു, എന്നാലിവിെടയൊന്നും ഇത്തവണ പൂ വ്യാപാരികളില്ല.
ചിങ്ങമാസത്തിലാണ് കല്യാണങ്ങളും ഏറെയും നടക്കുന്നത്. കോവിഡ് പ്രോട്ടോകോളിെൻറ ഭാഗമായി വിവാഹം ലളിതമാക്കിയപ്പോൾ ഇതുമായി ബന്ധപ്പെട്ട പൂവിൽപനയും കുറഞ്ഞു.
വൻതോതിലുള്ള ഓർഡറുകളും കിട്ടുന്നില്ല. വന്നവയെല്ലാം സർക്കാർ നിർദേശത്തിനു പിന്നാലെ റദ്ദാവുകയും ചെയ്തു. നൂറുകണക്കിനാളുകൾ പൂവാങ്ങാനെത്തുന്ന സ്റ്റാളുകളിൽ അത്തത്തിെൻറ തലേന്ന് എത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഈ പൂക്കാലത്ത് സാധാരണപോലെ കച്ചവടം അനുവദിക്കണമെന്ന അപേക്ഷയിലാണ് വ്യാപാരികളെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.