വേണ്ട ജയിക്കണ്ട, പത്മരാജന് തൃക്കാക്കരയിലും തോൽക്കണം

കൊച്ചി: വിജയമോ ശക്തി പ്രകടനമോ അല്ല പത്മരാജന്‍റെ ലക്ഷ്യം, തോൽക്കണമെന്ന് തന്നെ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും തോൽക്കാൻ ഉറച്ചുതന്നെ ആദ്യത്തെ നാമനിർദേശ പത്രിക സമർപ്പിച്ചു ഇദ്ദേഹം. 'ഇലക്ഷൻ കിം‌ങ്' എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്നാട് സേലം മേട്ടൂർ സ്വദേശിയാണ് ഡോ. കെ. പത്മരാജൻ.

വ്യാഴാഴ്ച രാവിലെ കലക്ടറേറ്റിലെത്തിയ പത്മരാജൻ 11.30 ഓടെ വരണാധികാരിയായ പഞ്ചായത്ത് വിഭാഗം അസി. ഡയറക്ടർ വിധു എ. മേനോന് മുന്നിലാണ് പത്രിക സമർപ്പിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചയാൾ, ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ തോറ്റയാൾ എന്നിങ്ങനെ ഗിന്നസ്, ലിംക റെക്കോഡ് ബുക്കുകളിൽ ഇടംപിടിച്ചയാളാണ് പത്മരാജൻ.

1988ല്‍ തമിഴ്നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തിലാണ് പത്മരാജന്‍റെ കന്നിയങ്കം. തുടർന്ന് പലതവണ മത്സരിച്ച് തോറ്റ പത്മരാജന്‍റെ 218 ാമത്തെ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്‌. ഇതുവരെ 30 ലക്ഷത്തിലധികം രൂപയാണ് തെരഞ്ഞെടുപ്പുകൾക്കായി ചെലവാക്കിയത്.

കെ.ആർ. നാരായണൻ, എ.പി.ജെ അബ്ദുൽ കലാം എന്നിവർക്കെതിരെ ഉൾപ്പെടെ പലതവണ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, അടല്‍ ബിഹാരി വാജ്പേയി, പി.വി. നരസിംഹറാവു, മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, എ.കെ. ആന്‍റണി, ജെ. ജയലളിത, എം. കരുണാനിധി, വൈ.എസ്. രാജശേഖര റെഡ്ഡി, എസ്.എം. കൃഷ്ണ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങി പ്രമുഖർക്കെതിരെയും മത്സരിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചതോടെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Tags:    
News Summary - Padmarajan must lose in Thrikkakara too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.