മൂവാറ്റുപുഴ: തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നഗരത്തിലെ പ്രധാന പാതകൾ വെള്ളത്തിനടയിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പേട്ടറോഡിൽ അംഗൻവാടിയിലടക്കം വെള്ളം കയറി. അശാസ്ത്രീയമായി ഓടയുടെ വീതി കുറച്ചതാണ് പേട്ട റോഡിനെ ദുരിതത്തിലാക്കിയത്.
പേട്ട അംഗൻവാടിക്ക് മുന്നിൽനിന്ന് ആരക്കുഴ റോഡിലേക്ക് കയറുന്ന ഭാഗത്ത് മണ്ണാൻകടവ് തോട് ദീർഘവീക്ഷണമില്ലാതെ നവീകരിച്ചതാണ് പ്രശ്നത്തിനു കാരണമായത്. നാലടി വീതിയിൽ ഒഴുകിയതോടിന്റെ രണ്ടുവശവും ഓരോ അടി വീതിയിൽ കോൺക്രീറ്റ് ഭിത്തികെട്ടി മുകൾഭാഗം സ്ലാബിട്ട് മൂടുകയായിരുന്നു.
മാലിന്യം കെട്ടി കിടക്കുന്നതു മൂലം കാനകൾ നിറഞ്ഞു കവിഞ്ഞതാണ് എം.സി റോഡിലടക്കം നഗരറോഡുകളിൽ വെള്ളക്കെട്ടിന് കാരണം. മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ എം.സി റോഡിലും കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലുമായിരുന്നു വെള്ളക്കെട്ട്. എം.സി റോഡിൽ പേഴയ്ക്കാപിള്ളി സൂപ്പർപടിയിലും വാഴപ്പിള്ളിക്കവലയിലും അരമന ജങ്ഷനിലും വെള്ളക്കെട്ടുയർന്നു. ഇതിന് പുറമെ നിരപ്പ്റോഡിലും വെള്ളക്കെട്ട് ദുരിതമായി.
കാനകൾ നിറഞ്ഞു കവിഞ്ഞൊഴുകിയാണ് എം.സി റോഡിന്റെ വിവിധ ഭാഗങ്ങളുൾപ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ വെള്ളത്തിലായത്. വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. എം.സി റോഡിലെ കാനകളുടെ നിർമാണത്തിലെ അപാകത മൂലം കെ.എസ്.ആർ.ടി.സി മുതൽ ആറൂർ വരെയുള്ള ഭാഗങ്ങളിൽവെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ രംഗത്തുവന്നങ്കിലും ഒന്നും നടന്നിട്ടില്ല.
എം .സി റോഡിലെ വാഴപ്പിള്ളി, പേഴക്കാപ്പിള്ളി എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഒന്നര പതിറ്റാണ്ടു മുമ്പ് പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴവരെ എം.സി റോഡ് വികസിപ്പിച്ചപ്പോൾ കാന നിര്‍മാണവും പൂര്‍ത്തിയായെങ്കിലും നിര്‍മാണത്തിലെ അപാകതമൂലം കാനകൾ മണ്ണുനിറഞ്ഞ് ഉപയോഗശൂന്യമാണ്. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് അന്നേ രൂപപ്പെട്ടിരുന്നു. കാവുംപടി റോഡിൽ പൊലീസ് സ്റ്റേഷനു സമീപവും അരമനപ്പടി, ആരക്കുഴ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. പല റോഡുകളും തോടുകൾക്ക് സമാനമായി വെള്ളം നിറഞ്ഞാണ് ഒഴുകിയത്. കൂത്താട്ടുകുളം: ഇടയാർ-പിറവം റോഡിൽ കണിപ്പടി റേഷൻകടക്ക് മുൻവശം മരം വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. തിരുമാറാടി നാവോളിമറ്റം പനച്ചിത ടത്തിൽ ഭവാനി ആനന്ദന്റെ വീടിന് മുകളിൽ റബർ മരം വീണ് വീട് തകർന്നു. ഇലഞ്ഞി വില്ലേജിൽ പെരുമ്പടവം കുന്നുമ്മൽ ബിനുവിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി വീട് തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.